KSDLIVENEWS

Real news for everyone

കെജ്‌രിവാള്‍ വീട്ടുതടങ്കലില്‍; നിഷേധിച്ച് ഡല്‍ഹി പോലീസ്‌

SHARE THIS ON

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി. സിംഘു അതിർത്തിയിൽ സമരം തുടരുന്ന കർഷകരെ സന്ദർശിച്ച കെജ്രിവാളിനെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ, വീട്ടുതടങ്കലിലാക്കിയെന്ന വാർത്ത നിഷേധിച്ച് ഡൽഹി പോലീസ് രംഗത്തെത്തി.
“സിംഘു അതിർത്തിയിൽ കർഷകരെ സന്ദർശിച്ചതു മുതൽ ബി.ജെ.പിയുടെ ദില്ലി പോലീസ് മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ല.” – എ.എ.പി. ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി കെജ്രിവാൾ ഇന്നലെ സിംഘു അതിർത്തിയിൽ കർഷകരെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്ന് എ.എ.പി. എം.എൽ.എ. സൗരഭ് ഭരദ്വാജ് പറഞ്ഞു. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഡൽഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള പ്രവേശനം എല്ലാ ഭാഗത്തുനിന്നും ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. അദ്ദേഹം വീട്ടുതടങ്കലിന് തുല്യമായ അവസ്ഥയിലാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഓഫീസ് ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ആം ആദ്മി പാർട്ടി നേതൃത്വം പറഞ്ഞു. നേരത്തെ തിങ്കളാഴ്ച പ്രതിഷേധിക്കുന്ന കർഷകരെ കാണാനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാനുമായി കെജ്രിവാൾ ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഘു സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!