തിരഞ്ഞെടുപ്പ് നിരീക്ഷണം
✍️ ബദ്റുദ്ദീൻ കറന്തക്കാട്

കാസർകോട് നഗരസഭയിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള ദൗത്യം ഒരിക്കൽ കൂടി നമ്മിൽ അർപ്പിതമായിരിക്കുകയാണ്,
വിലപ്പെട്ട ആ ദൗത്യം നിറവേറ്റാൻ തയ്യാറെടുക്കും മുമ്പ് കഴിഞ്ഞ കാലങ്ങളിലെ നഗരസഭാ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ എങ്ങിനെയായിരുന്നു എന്തായിരുന്നു എന്ന് നമുക്ക് വിലയിരുത്താം,
ഭരണം കയ്യാളാനുള്ള എണ്ണം പൂർത്തിയാക്കി നഗരം കാക്കാൻ നാം നിയോഗിച്ചവർക്ക് ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയെങ്കിലും കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടോ ?
ആദ്യം വേണ്ടത് ശുദ്ധമായ അന്തരീക്ഷമാണ്,
ഈ നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ എന്ത് സംവിധാനമൊരുക്കി ?
മാലിന്യം നിക്ഷേപിക്കാൻ മധൂർ പഞ്ചായത്തിൽ വിലക്കു വാങ്ങിയ ആറ് ഏക്കർ സ്ഥലത്തിൽ മാലിന്യ സംസ്കരണത്തിനു വേണ്ടി എന്ത് പദ്ധതിയാണ് കൊണ്ടുവന്നത് ?
സ്ഥലം വാങ്ങും മുമ്പ് പഞ്ചായത്തിനോട് ആവശ്യം പറഞ് അനുമതി വാങ്ങിയിരുന്നോ?
ജനങ്ങളുടെ പണമെടുത്ത് അന്നുള്ളതിൻ്റെ ഇരട്ടി വില നൽകി മധൂർ പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന് ആസ്ഥലം വാങ്ങുമ്പോൾ അതിനു മുമ്പ് ഉദ്ദേശം വ്യക്തമാക്കി പഞ്ചായത്തിൻ്റെ അനുമതി വാങ്ങേണ്ടതുണ്ട് എന്ന് തിരിച്ചറിയാത്ത ഭരണസമിതിയാണോ അന്നുണ്ടായിരുന്നത് ?
ഉദ്ദേശം മേൽ വെച്ചടിക്കച്ചവടത്തിലെ ലാഭം മാത്രമായിരുന്നത് കൊണ്ടാണോ ഇന്നും ആ സ്ഥലം നഗരസഭയുടെ അനാസ്ഥയ്ക്ക് നേരെ വിരൽ ചൂണ്ടി വെറുതെ നിലകൊള്ളുന്നത് ?
ഹോട്ടലുകളുടെ മലിനജലം ഓടയിലേക്കൊഴുക്കി ചീഞ്ഞു നാറുന്ന നഗരത്തിൻ്റെ ഒത്ത നടുക്കുക്ക് കിടക്കുന്ന മൽസ്യമാർക്കെറ്റിലെ ഓടകളിലൂടെ ഒഴുക്കിയ കോടികൾ എത്ര ?
കാലിത്തൊഴുത്തിൻ്റെ മേൻമപോലുമില്ലാതെ കോടികൾ പൊടിച്ച് പണിത കെട്ടിടങ്ങളും മാലിന്യ സംസ്കരണ പ്ലാൻ്റും മറ്റ് വികസനങ്ങളുടേയും പരാജയത്തിൻ്റെ ഉപകാരസ്മരണ നാറുന്ന ഓടയിൽ മാലിന്യമൊഴികിയെത്തിയ പോലെ പലരുടേയും പോക്കറ്റിലെത്തി എന്നതാണ് പരമാർത്ഥം,
ഹോട്ടലുകളിൽ നിന്നും മാർക്കറ്റിൽ നിന്നും ഒഴുകിയെത്തുന്ന മലിന ജലം നഗരപരിതിയിലുള്ള എത്ര വീടുകളിലെ കുടിവെള്ളമാണ് മുട്ടിച്ചു കളഞ്ഞത് ?
വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ അതാത് കടകളുടെ മുമ്പിലിട്ട് കത്തിക്കാൻ അനുവാദം നൽകി വായുവും മലിനമാക്കി,ദൗത്യം പൂർത്തിയാക്കിയ കഴിഞ്ഞ കാല ഭരണസമിതിയുടെ മികവിൻ്റെ കഥ മാത്രം പറഞ്ഞാൽ പൂത്തിയാവില്ല,
തുക്ലഗ് പരിഷ്കാരങ്ങൾ പലതും നാറ്റത്തിൽ മാത്രം പര്യവസാനിച്ച കഴിഞ്ഞകാല ഭരണ സമിതി നടപ്പാക്കിയ പ്ലാസ്റ്റിക്ക് നിരോധനം പലർക്കും എല നക്കിയവൻ്റെ ചിറിനക്കാനുള്ള ഉപാതിമാത്രമായിരുന്നു,
നാളിന്നേ വരെ ഭരണ സമിതിയെ തെരഞ്ഞെടുക്കുമ്പോൾ വികസനം നമുക്ക് വിഷയമേയല്ലായിരുന്നു,
വികസനത്തിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ ആസ്പതമാക്കിയല്ല നാം അവരെ വിജയിപ്പിച്ചിട്ടുള്ളത് മറിച്ച് മതവെറി മനസ്സിൽ ഭയമായ് നിറച്ചുകൊടുത്ത് മാത്രം നേടിയ വിജയമായിരുന്നു അത്,
ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത നഗരസഭാ ഭരണകർത്താക്കളുടെ മികവിലേക്ക് ഒന്നെത്തിനോക്കാം,
വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ എന്ത് മുന്നേറ്റമാണ് ഈ നഗരത്തിൽ നടന്നത് ?
പേരിന് മാത്രം നിലകൊള്ളുന്ന കൃഷിവകുപ്പ് എന്ത് കാർഷിക മുന്നേറ്റമാണ് നടത്തിയിട്ടുള്ളത് ?
എന്ത് പ്രയോജനമാണ് ജനങ്ങൾക്കുണ്ടായിട്ടുള്ളത് ?
ആടും കോഴിയും വാഴക്കന്നും വിത്തും വളവും സ്വന്തക്കാർക്ക് വീതിച്ച് നൽകിയതല്ലാതെ ജനങ്ങൾക്കുണ്ടായ നേട്ടമെന്ത് ?
മാലിന്യ നിർമാർജനത്തിൽ പൂർണ പരാജയമായ കാസർകോട് നഗരത്തിൻ്റെ വിവിധഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരം പോലും വൃത്തിയാക്കാനാവാത്ത ഭരണകൂടം കക്കൂസിൽ വരെ കയ്യിട്ടു വാരിയതിൻ്റെ കഥകൾ മാത്രം ഭരണമികവിനുള്ള കപ്പായി അവശേഷിക്കുന്നു,
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ആറു കോടിയിലധികം രൂപ വൈദ്യതി ബോർഡിന് ബില്ലടച്ച നഗരസഭയ്ക്ക് നഗരപരിതിയുടെ ഇരുട്ടകറ്റാൻ പോലും ആയില്ല,
നഗരസഭയുടെ അതീനതയിലുള്ള സി വ്യൂ പാർക്ക് പൊയക്കര അബ്ദുറഹ്മാൻ ഹാജി പാർക്ക് മഡോണ സ്കൂളിന് അടുത്തായിട്ടുള്ള പാർക്ക് പടിഞ്ഞാറ് പാർക്ക് തുടങ്ങിയ പാർക്കുകൾക്കു വേണ്ടി പല കോടി ചിലവായി “ൽ” പോയതല്ലാതെ ആ പാർക്കുകളിലൊന്നും മൂത്രശങ്ക തീർക്കാൻപ്പോലും ആരുമെത്തുന്നില്ല(അതിനുള്ള സംവിധാനം പോലും എവിടെയുമില്ല,
കഴിഞ്ഞ അഞ്ച് പതീറ്റാണ്ടായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കുടിവെള്ള പ്രശ്നവും ചക്കരക്കുടമാണ്,
കുടിവെള്ള വിതരണവും ബോറുകളും ടാങ്കുകളും വഴി ഒഴുകിയ കോടികളൊക്കെയും പൊതു സമൂഹത്തിൻ്റെ തൊണ്ട നനയിക്കാതെ ജലമാഫിയകളുടെ തൊണ്ടകൾ വിഴുങ്ങുകയായിരുന്നു,
നഗരസഭയുടെ എത്രയെത്ര കെട്ടിടങ്ങളാണ് അനാഥമായിക്കിടക്കുന്നത് ?
ഒരു മാസം ഏഴര ലക്ഷത്തിനടുത്ത് വരുമാനമുള്ള പുതിയ ബസ്റ്റാൻ്റ് കെട്ടിടത്തിലെ ഒട്ടുമിക്ക കടമുറികളും സ്വന്തക്കാർ കൈക്കലാക്കി മേൽ വാടകയ്ക്ക് നൽകി പല ലക്ഷങ്ങൾ വേറെയും സമ്പാദിക്കുന്നു,
പക്ഷേ ആ കെട്ടിടത്തിലെ ചീഞ്ഞുനാറുന്ന ശുചി മുറിക്ക് ദിവസം ഒരു കുപ്പി പിനോയിൽ ഒഴിക്കാനുള്ള മര്യാദയെങ്കിലും കാട്ടിയില്ല,
ടൗൺ ഹാളിൻ്റെ അറ്റകുറ്റപ്പണിയുടെ പേരിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് ചിലവഴിച്ച അഞ്ച്കോടിയിലധികം വരുന്ന തുകയുടെ കമ്മീഷൻ വീതം വെയ്പ് പരസ്യമായ രഹസ്യമാണ്,
നഗര പരിതിയിലെ അനധികൃത കെട്ടിടങ്ങളും അനധികൃത നിർമ്മിതികളും റോഡ് കയ്യേറിയുള്ള കെട്ടിടങ്ങളും പാർക്കിംഗ് ഏരിയ കടമുറിയാക്കിയ കെട്ടിടങ്ങളും നഗരത്തെ ശ്വാസം മുട്ടിക്കുമ്പോഴും നഗരസഭാ കെട്ടിടങ്ങളുടെ മുഖം മാത്രം മിനുക്കിക്കൊണ്ട് എല്ലാം സുദാര്യമെന്ന് വരുത്തിത്തീർക്കാൻ പാഴ്ശ്രമം നടത്തുകയായിരുന്നു,
അനധികൃത നിർമ്മാണമെന് ടൗൺ പ്ലാനർ വിധിയെഴുതിയ ഇരുപത്തി എട്ടോളം കെട്ടിടങ്ങൾക്കെതിരെ ജീല്ലാ ജനകീയ വികസന സമിതി നൽകിയ കേസ് ബഹു.ഹൈക്കോടതി വിധി കാത്തു കിടക്കുകയാണ്,
അനധികൃത നിർമ്മിതികൾക്ക് അനുമതി കൊടുത്ത് അതിൻ്റെ പേരു പറഞ്ഞ് വ്യാപാരികളേയും വ്യവസായികളേയും നിരന്തരം വേട്ടയാടുകയും വഴിയോര കച്ചവടക്കാരനിൽനിന്ന് വരെ മാസപ്പടി വാങ്ങി നിലകൊണ്ട ഭരണകൂടവും ഒപ്പം എന്തിനും ഏതിനും ഫോർ സേൽ ബോർഡുവെച്ച് അധികാര വർഗ്ഗവും നിലകൊണ്ടപ്പോൾ ദുരിതം പൂർണ്ണമായി,
അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അതു വഴി സൃഷ്ടിച്ചെടുത്ത ഭയാശങ്ക മാത്രം തെരഞ്ഞെടുപ്പ് പ്രകടനപ്പത്രികയാക്കി വാഴുന്ന ഭരണകൂടത്തിൻ്റെ എല്ലാ ചെയ്തികൾക്കും ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ കാട്ടി തോൾ ചേർന്ന് നിൽക്കുന്ന അതേ പ്രതിപക്ഷത്തെ ചൂണ്ടിക്കാട്ടിയായിരുന്ന നമ്മെ ഭയപ്പെടുത്തിയതെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും നാം കാട്ടിയേ മതിയാവൂ,
അന്ധമായ കക്ഷി പ്രേമവും നിറം നോക്കിയുള്ള വിലയിരുത്തലുകളും കൊണ്ട് കാണാതെ പോയതെല്ലാം നമ്മുടെ നഷ്ടങ്ങളാണ്,
പല കാലങ്ങളായി ആ നഷ്ടം സഹിച്ച നാം വികസന പിന്നോക്കത്തിൻ്റെ ദുരന്തം ഇരന്നു വാങ്ങിയവരാണ്,
നമുക്ക് വേണ്ടത് അനിവാര്യമായ മാറ്റവും മുന്നേറ്റവുമാണ്
വിരൽ തുമ്പിൽ പതിയുന്ന മഷിയുടെ കറുപ്പ് ആഴ്ചകൾക്കുള്ളിൽ മായും പക്ഷേ ആ ഒരു തുള്ളി കറുത്ത മഷി വിരലിൽ പതിയുമ്പോൾ അഞ്ചു കൊല്ലം മായ്ക്കാനാവാത്ത കറുപ്പുകളെ നാം തലയിലേറ്റുന്നുണ്ടോ എന്ന് ചിന്തിക്കുക,
ബദറുദ്ദീൻ കറന്തക്കാട്,
സെക്രട്ടറി,
ജില്ലാ ജനകീയ വികസന സമിതി

