ഈ ധാരാവി, ധാരാവി എന്നു കേട്ടിട്ടുണ്ടോ?’; ഒഴിപ്പിച്ച്, ഫ്ലാറ്റ് കെട്ടി ലാഭമുണ്ടാക്കാൻ അദാനി

ധാരാവിക്ക് എന്താ കൊമ്പുണ്ടോ? കൊമ്പില്ലെങ്കിലും ധാരാവി എന്ന പേരു കേൾക്കുമ്പോൾ മുട്ടിടിക്കുന്നത് എന്തുകൊണ്ടാണ്? ‘നിങ്ങൾ ബോംബെയിലെ അധോലോകമായ ധാരാവി, ധാരാവി എന്നു കേട്ടിട്ടുണ്ടോ’ എന്ന ഒരൊറ്റ ഡയലോഗു മതി ആ പ്രദേശത്തിന്റെ ഗാംഭീര്യം തിരിച്ചറിയാൻ. അത്തരം സിനിമാറ്റിക് ഡയലോഗുകളിലൂടെ, നേരിൽ കാണാത്തവർക്കു പോലും സുപരിചിതമാണ് ഇന്നു ധാരാവി. ശരിക്കും ധാരാവി എന്താണ്? ജീവിക്കാൻ പാടുപെടുന്നവരുടെ സങ്കേതം. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ മധ്യത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള ചേരിപ്രദേശം. ചുറ്റും മാളുകളും വാണിജ്യ സമുച്ചയങ്ങളും. അവയ്ക്കെല്ലാം നടുവിലായി ധാരാവി എന്ന ചേരി പ്രദേശം. മറ്റേതു നഗരത്തിലും എന്നപോലെ മുംബൈയിലും ഒട്ടനവധി ചേരികളുണ്ട്. ഇവയ്ക്കൊന്നും ഇല്ലാത്ത ഒട്ടേറെ പ്രത്യേകതകളാണു ധാരാവിക്കു പറയാനുള്ളത്.