KSDLIVENEWS

Real news for everyone

പീഡനഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ല: ചീഫ് ജസ്റ്റിസ്

SHARE THIS ON

ന്യൂഡൽഹി ∙ പീഡനത്തിനിരയായ ആളെ വിവാഹം കഴിക്കാമോയെന്ന് ആരോടും ചോദിച്ചിട്ടില്ലെന്നും സുപ്രീം കോടതിക്കു വനിതകളോട് അങ്ങേയറ്റത്തെ ആദരവാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. കോടതിയുടെ പരാമർശം തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും ബോബ്ഡെ ചൂണ്ടിക്കാട്ടി.

മാർച്ച് ഒന്നിനു മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥനായ പ്രതിയോടു പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചെന്ന വിവാദത്തിലാണു വിശദീകരണം. പീഡനത്തിനിരയായ 14കാരി ഗർഭം അലസിപ്പിക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സംഭവം വിവാദമായതിനു പിന്നാലെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. 

ഗർഭം അലസിപ്പിക്കാനുള്ള അനുമതി തേടിയ ഹർജിക്കാർക്കു വേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ വി.കെ. ബിജുവാണ് പരാമർശങ്ങൾ സംബന്ധിച്ച പ്രചാരണം കോടതിയുടെ പ്രതിഛായയെ ബാധിക്കുമെന്ന പ്രശ്നം ശ്രദ്ധയിൽപെടുത്തിയത്. എന്നാൽ, ജുഡീഷ്യറിയുടെ യശസ്സ് അഭിഭാഷകരുടെ പക്കലാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ചില ആളുകൾ കോടതിയുടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതായും ഇതിനു പകരം സംവിധാനം വേണ്ടിവരുമെന്നും വ്യക്തമാക്കി. സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്തു വളച്ചൊടിച്ചതാണെന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും പറഞ്ഞു. 

അതേസമയം, നേരത്തെ നൽകിയ വിവാഹവാഗ്ദാനം പാലിക്കാനായില്ലെന്നതിന്റെ പേരിൽ പീഡനക്കുറ്റം ചുമത്താൻ കഴിയില്ലെന്നു മറ്റൊരു കേസിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവാഹവാഗ്ദാനം നൽകിയതുകൊണ്ടു മാത്രം ലൈംഗികബന്ധം പീഡനമാകില്ലെന്നാണു നിരീക്ഷണം.

യുപി സ്വദേശിയായ 30കാരനെതിരെ ചുമത്തിയിരുന്ന എഫ്ഐആർ കോടതി റദ്ദാക്കി. നേരത്തെ പ്രതി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു ഒന്നരവർഷത്തെ ബന്ധമെന്നു പെൺകുട്ടി മജിസ്ട്രേട്ടിനു മൊഴിനൽകിയതു പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!