KSDLIVENEWS

Real news for everyone

കോവിഡ് വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും-യുഎസ് മെഡിക്കല്‍ സമിതി

SHARE THIS ON

ന്യൂഡൽഹി: കോവിഡ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗനിർദേശങ്ങൾ പുതുക്കി. വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകളെന്ന ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വന്ന വീക്ഷണത്തെ തള്ളിക്കളയുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ.

കഴിഞ്ഞ വർഷം മഹമാരിയുടെ തുടക്കം മുതൽ മിക്ക ഗവേഷകരും വിദഗ്ധരും കോവിഡ് വായുവിലൂടെ പകരുന്നതല്ലെന്നും രോഗബാധിതനായ ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു ആദ്യ കണ്ടെത്തൽ. വ്യാപനം അതിരൂക്ഷമായതോടെയാണ് വായുവിലൂടെ അല്ലാതെ വൈറസ് ഇത്രയും വലിയ തോതിൽ വ്യാപിക്കില്ലെന്ന് വിലയിരുത്തൽ പല ശാസ്ത്രജ്ഞരും പങ്കുവച്ചത്.

രോഗംബാധിച്ച ഒരാളിൽ നിന്ന് മൂന്നോ ആറോ അടിക്കുള്ളിൽ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്രദൂരത്തിനിടയിൽ നേർത്ത നേർത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണ്.

ചില സാഹചര്യങ്ങളിൽ, പ്രധാനമായും വീടിനകത്ത്, പകർച്ചവ്യാധി ഉറവിടം ആറടിയിൽ കൂടുതൽ അകലെയാണെങ്കിൽ പോലും വായുവിലൂടെയുള്ള വൈറസ് പകരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു യുഎസ് ഏജൻസി.

രോഗബാധിതനായ ഒരാൾ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാൾ പുറത്തുവിട്ട കണങ്ങൾ 15 മിനിറ്റോളം തങ്ങിനിൽക്കും. ചിലപ്പോൾ മണിക്കൂറുകളോളം അന്തരീക്ഷത്തിൽ അണുബാധ പകരാൻ പര്യാപ്തമായ വൈറസ് നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശാരീരിക അകലം, കൃത്യമായതും യോജിച്ചതുമായ മാസ്കുകളുടെ ഉപയോഗം, വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കുക, തിരക്കേറിയ ഇൻഡോറുകൾ ഒഴിവാക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ വൈറസ് തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.

കൈകൾ വൃത്തിയായി സൂക്ഷിക്കുക, പരിസ്ഥിതിയും ഉപരിതലങ്ങളും വൃത്തിയാക്കുന്നതിലൂടെയും വൈറസ് പകരുന്നത് തടയാൻ സാധിക്കുമെന്നും സമിതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!