KSDLIVENEWS

Real news for everyone

കോവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍; ബിജെപി എം.പി. തേജസ്വി സൂര്യ കൂടുതല്‍ കുരുക്കിലേക്ക്

SHARE THIS ON

ബെംഗളുരു: സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസിൽ കർണാടകയിലെ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ കൂടുതൽ കുരുക്കിലേക്ക്. തേജസ്വിയോടൊപ്പം വാർ റൂമിലെത്തി തിരച്ചിൽ നടത്തിയ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന് കിടക്കകൾ മറിച്ചുവിൽക്കുന്ന ലോബിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാളെ പോലീസ് വൈകാതെ ചോദ്യം ചെയ്യും.

കിടക്കകൾ മറിച്ചുവിൽക്കുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയത് തേജസ്വി സൂര്യയും മറ്റ് രണ്ട് ബി.ജെ.പി.എംഎൽഎമാരുമായിരുന്നു. തുടർന്ന് ബെംഗളൂരുവിലെ കോവിഡ് വാർ റൂമിലെത്തി ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുകയും ചെയ്തു.

കോവിഡ് വാർ റൂമിൽ എംഎൽഎയ്ക്കൊപ്പമെത്തിയ പിഎക്കാണ് കോവിഡ് കിടക്ക കരിഞ്ചന്തയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. നിലവിൽ കോവിഡ് വൈറസ് ബാധിതനായി ചികിത്സയിൽ കഴിയുന്ന ഇയാളെ കോവിഡ് മുക്തനായ ശേഷം ചോദ്യംചെയ്യും. തേജസ്വി സൂര്യയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേസ് അന്വേഷിക്കുന്ന ബെംഗളുരു പോലീസ് ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കർണാടക സർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ വെളിപ്പെടുത്തൽ.

പ്രതിപക്ഷ കക്ഷികൾ വരെ തേജസ്വി സൂര്യയുടെ പ്രവൃത്തിയെ അഭിനന്ദിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കോവിഡ് വാർ റൂമിലെത്തിയ തേജസ്വി സൂര്യ മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രം വിളിച്ചുപറഞ്ഞ് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ അഴിമതി ആരോപണം മുസ്ലീം വിദ്വേഷത്തിനായി ഉപയോഗിക്കുന്നതായുളള വിമർശം ഉയർന്നു. തുടർന്ന് തേജസ്വി സൂര്യ വിശദീകരണവുമായി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!