KSDLIVENEWS

Real news for everyone

33 വര്‍ഷം മുമ്പ് ഖബറടക്കിയ അന്ന് തൊട്ട് ആരംഭിച്ച ഖുര്‍ആന്‍ പാരായണം ഇപ്പോഴും തുടരുന്നു; അപൂര്‍വ സംഭവം മലപ്പുറം കുണ്ടൂരില്‍

SHARE THIS ON

മലപ്പുറം: വിട പറഞ്ഞു 33 വര്‍ഷം പിന്നിട്ടെങ്കിലും മറവ് ചെയ്‌ത അന്ന് തുടങ്ങിയ ഖുര്‍ആന്‍ പാരായണം ഈ ഖബറിനരികില്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂരിലെ മുഹമ്മദ് കുട്ടി എന്ന കുഞ്ഞുവിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എന്ന കുണ്ടൂര്‍ ഉസ്താദിന്റെ മകനാണ് കുഞ്ഞു. സംഘടനാ വിരോധത്തിന്റെ പേരില്‍ കൊല്ലപ്പെടുകയായിരുന്നു കുഞ്ഞു.

1989 ലെ റമദാന്‍ 26 ന്റെ രാവിലാണ് കുഞ്ഞു കൊലക്കത്തിക്ക് ഇരയായത്. അന്ന് അദ്ദേഹത്തിന് 21 വയസ് മാത്രമായിരുന്നു പ്രായം. സമസ്തയുടെ നിര്‍ണായകമായ പിളര്‍പ്പിന്റെ ഘട്ടത്തില്‍ തിരൂരങ്ങാടിയില്‍ അയ്യായിരത്തിലേറെ പണ്ഡിതന്‍മാര്‍ പങ്കെടുത്ത പണ്ഡിത സമ്മേളനം നടന്നിരുന്നു. ഈ പരിപാടിയുടെ നോടീസ് കുണ്ടൂരില്‍ പതിച്ചതിന് ഒരാളെ ചിലര്‍ മര്‍ദിക്കുകയുണ്ടായി. ഈ സംഭവം കുഞ്ഞുവിനെ വല്ലാതെ വേദനിപ്പിക്കുകയും ഇതേകുറിച്ച്‌ ചോദിച്ചതിലുള്ള വിരോധം കാരണം റമദാനില്‍ നോമ്ബുതുറക്കാന്‍ വീട്ടിലേക്ക് പോകുന്ന സമയത്ത് കുണ്ടൂര്‍ അങ്ങാടിയില്‍ വെച്ച്‌ പതിയിരുന്ന് കുഞ്ഞുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. കുഞ്ഞുവിന്റെ ഭാര്യയേയും ചെറിയ മകനെയും കുണ്ടൂര്‍ ഉസ്താദ് സംരക്ഷിക്കുകയും കുഞ്ഞുവിന്റെ മകന് വേണ്ടി നിര്‍മിച്ച വീട്ടില്‍ വര്‍ഷങ്ങളോളം ദര്‍സ് നടത്തുകയുമുണ്ടായി. മകന്റെ മരണം കുണ്ടൂര്‍ ഉസ്താദ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. മൂത്ത മകന്‍ ബാവക്ക് വീട് നിര്‍മിക്കുന്ന ഘട്ടത്തില്‍ ഉസ്താദ് ഇങ്ങനെ പറയുകയുണ്ടായി. ഇത് ബാവക്ക്, അത് ലത്വീഫിന്. അപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ചോദിച്ചു. കുഞ്ഞുവിനോ? അവന് വീടൊന്നും വേണ്ട. അവന്‍ സ്വര്‍ഗത്തില്‍ പാറിക്കളിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എല്ലാവര്‍ഷവും കുണ്ടൂര്‍ ഗൗസിയ്യയില്‍ വിപുലമായ പരിപാടികളോടെ അനുസ്‌മരണവും പ്രാര്‍ഥനയും നടന്നുവരാറുണ്ട്. എന്നാല്‍ മുന്‍വര്‍ഷവും ഈ വര്‍ഷവും കോവിഡ് പ്രതിസന്ധികാരണം വലിയതോതില്‍ പരിപാടികള്‍ നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!