കോവിഡില്‍ മോദിക്ക് ഗുരുതര വീഴ്ചയെന്ന് അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര മാസികയായ ലാന്‍സെറ്റ്

ന്യൂഡല്‍ഹി: കോവിഡ് കെടുകാര്യസ്ഥതയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര മാസികയായ ലാന്‍സെറ്റ്. സ്വയം സൃഷ്ടിച്ച ദേശീയദുരന്തമാണ് ഇപ്പോള്‍ രാജ്യത്തെന്ന് ലാന്‍സെറ്റ് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഗസ്റ്റ് ഒന്നായപ്പോഴേക്കും ലക്ഷം പേര് മരിച്ചത് ഇതിന് തെളിവാണ്. കോവിഡ് ഒന്നാംഘട്ടത്തില്‍ കൈവരിച്ച നേട്ടം രണ്ടാം തരംഗമായപ്പോഴേക്കും കൈവിട്ടു. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളെ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതും ഈ പ്രതിസന്ധിഘട്ടത്തില്‍ മാപ്പര്‍ഹിക്കാത്തതാണ്.
രണ്ടാം തരംഗത്തില്‍ കോവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്നത് സര്‍ക്കാറിെന്റ മിടുക്കാണ്.
ശാസ്ത്രത്തെ മുന്നില്‍ നിര്‍ത്തി, പോരായ്മകള്‍ തിരുത്തി, സുതാര്യതയോടെ മുന്നോട്ടുപോവുകയായിരുന്നു വേണ്ടത്. മഹാമാരിയെ നിയന്ത്രിക്കാന്‍ കാണിച്ചതിലേറെ ജാഗ്രത സര്‍ക്കാറിനെതിരായ ട്വിറ്റര്‍ വിമര്‍ശനങ്ങള്‍ നീക്കം ചെയ്യാനാണ് മോദി ഭരണകൂടം കാണിച്ചതെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി.
രണ്ടാം തരംഗം ഗുരുതരമാകുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ച സര്‍ക്കാര്‍ ഒന്നാം ഘട്ടത്തിലെ വിജയാഘോഷത്തിനാണ് ആ സമയം ചെലവഴിച്ചത്. രോഗപ്പകര്‍ച്ച കുറഞ്ഞപ്പോള്‍ കോവിഡിനെ പരാജയപ്പെടുത്തി എന്ന് സര്‍ക്കാര്‍ കരുതി. മതപരമായതടക്കം പൊതു ചടങ്ങുകള്‍ക്ക് അനുമതി നല്കിയതും വാക്സിന് നയത്തിലെ പിഴവുകളുമെല്ലാം സര്‍ക്കാറിന് പറ്റിയ വന്‍ പാളിച്ചകളാണെന്നും പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടി.

