സമരം മറികടന്ന് മുന്നോട്ട്; ടെസ്റ്റ് പരിഷ്കരണം വെള്ളിയാഴ്ച മുതൽ നടപ്പാക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം. സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം. എത്താത്തപക്ഷം മറ്റുള്ളവര്‍ക്ക് സ്ലോട്ട് നല്‍കും. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാം. ഒരുദിവസം നടത്തുന്ന പരമാവധി ടെസ്റ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങള്‍ വെള്ളിയാഴ്ച മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഹൈക്കോടതി ഉത്തരവ് മാനിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഡ്രൈവിങ് സ്‌കൂളുകാരുടെയും ജീവനക്കാരുടെയും എതിര്‍പ്പുകാരണം വ്യാഴാഴ്ചയും ടെസ്റ്റ് മുടങ്ങിയിരുന്നു. മേയ് രണ്ടു മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടന്നിട്ടില്ല.

