KSDLIVENEWS

Real news for everyone

ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തുന്നു

SHARE THIS ON

ന്യൂഡൽഹി: പാക് പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പ്രതിരോധ മന്ത്രി കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി ചർച്ചനടത്തുന്നുണ്ട്. വ്യാഴാഴ്ചനടന്ന ഏറ്റുമുട്ടലിന്‍റെയും തുടർ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ സംബന്ധിച്ച പല കാര്യങ്ങളിലും വാർത്താസമ്മേളനത്തിൽ കേന്ദ്രം വ്യക്തതവരുത്തുമെന്നാണ് വിവരം. വാർത്താസമ്മേളനത്തിന്‍റെ സമയം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

നിയന്ത്രണരേഖയിൽ പാക് നിരന്തരം വെടിനിർത്തൽ കരാർ ലംഘിച്ചതായി സൈന്യം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം തവണ ഇന്ത്യക്ക് നേരെ പാക് പ്രകോപനം തുടന്നുവെന്നും ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ച്, തിരിച്ചടിച്ചതായും സൈന്യം എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.

കഴിഞ്ഞ രാത്രിയിൽ പാക് ഡ്രോൺ ആക്രമണം ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു. ജമ്മു, പത്താൻകോട്ട്, ഉദ്ധംപുർ മേഖലകളാണ് പാക് ലക്ഷ്യംവെച്ചത്. എന്നാൽ, സൈന്യം ശക്തമായി പ്രതിരോധിച്ചിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂറിനുപിന്നാലെ രാജ്യത്തെ വടക്കുപടിഞ്ഞാറൻ മധ്യമേഖലകളിലുള്ള 27 പ്രധാന വിമാനത്താവളങ്ങൾ മേയ് പത്തുവരെ അടച്ചു. വ്യാഴാഴ്ച മാത്രം 430 സർവീസുകൾ റദ്ദാക്കി.

ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്‌, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധരംശാല, കിഷൻഗഢ്‌, ജയ്സാൽമീർ, ജോധ്പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കണ്ട്‌ല, കെഷോദ്, ബുജ്, ഗ്വാളിയർ, ഗാസിയാബാദ് ഹിൻഡൻ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ത്യ കനത്ത ജാഗ്രതാനിർദേശം നൽകി. പഞ്ചാബിലും രാജസ്ഥാനിലും അതിർത്തിമേഖലകളിൽ സ്കൂളുകൾ അടച്ചു.

രാജസ്ഥാനിലെ അതിർത്തി ജില്ലകളിലുള്ള ഓഫീസർമാരോടും പോലീസുദ്യോഗസ്ഥരോടും അവധി റദ്ദാക്കി മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.പൂഞ്ച്, രജൗരി, ജമ്മു, സാംബ, കഠുവ എന്നിവയുൾപ്പെടെയുള്ള അഞ്ച് അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജമ്മു-കശ്മീർ സർക്കാർ ഉത്തരവിട്ടു. അന്താരാഷ്ട്ര അതിർത്തിക്കും നിയന്ത്രണരേഖയ്ക്കും സമീപം താമസിക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!