ബാഗിൽ ബോംബുണ്ടെന്ന് സഹയാത്രികൻ ഫോണിൽ പറയുന്നത് കേട്ടെന്ന് യുവതി; വിമാനം വൈകി

ന്യൂഡൽഹി∙ ബാഗിൽ ബോംബുണ്ടെന്ന് സഹയാത്രികൻ പറയുന്നതു കേട്ടതായി യാത്രക്കാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ പരിശോധന. വിശദമായ പരിശോധനയ്‌ക്കൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ വിമാനം മുംബൈയിലേക്കു പറന്നത് 2 മണിക്കൂർ വൈകി. സംഭവവുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഇയാളെ പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് 4.55നാണ് സംഭവം. ബാഗിൽ ബോംബുണ്ടെന്ന് സഹയാത്രികൻ ഫോണിലൂടെ ആരോടോ പറയുന്നതു കേട്ടതായാണ് യാത്രക്കാരി വിമാന ജീവനക്കാരെ അറിയിച്ചത്. ‘സിഐഎസ്എഫുകാർക്ക് എന്റെ ബാഗിലെ ബോംബ് കണ്ടെത്താനായില്ല’ എന്ന് ഇയാൾ പറഞ്ഞെന്നാണ് യാത്രക്കാരിയുടെ മൊഴി. വിമാന ജീവനക്കാർ ഉടൻതന്നെ ഇക്കാര്യം വിമാനത്താവള അധികൃതരെയും സിഐഎസ്എഫിനെയും അറിയിച്ചു. തുടർന്ന് അടിയന്തര സുരക്ഷാ യോഗം വിളിച്ച് വിമാനം പരിശോധിക്കുകയായിരുന്നു.
ദുബായിലേക്ക് പോകേണ്ട യാത്രക്കാരനെയാണ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾ അമ്മയോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിൽ ബാഗിൽനിന്ന് കണ്ടെടുത്ത തേങ്ങ, സ്ഫോടക വസ്തുക്കൾ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയം മൂലം കൊണ്ടുപോകാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് ഇയാൾ ഫോണിലൂടെ അമ്മയോടു പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു.
എന്നാൽ, ഫോൺ സംഭാഷണത്തിനിടെ ‘ബോംബ്’ എന്ന വാക്കു കേട്ട സഹയാത്രിക ഭയന്ന് ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ പിന്നീട് ഡൽഹി പൊലീസിനു കൈമാറി. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 163 യാത്രക്കാരുമായി വിമാനം രണ്ടു മണിക്കൂർ വൈകി 6.45ന് മുംബൈയിലേക്കു പോയി.