രാഖി വധക്കേസ്; സുഹൃത്ത് അടക്കം മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ, നാല് ലക്ഷം രൂപ പിഴ
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശിനി രാഖിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മറവുചെയ്ത കേസിലെ പ്രതികളായ സഹോദരന്മാർക്കും സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. രാഖിയുടെ സുഹൃത്ത് അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരേയാണ് കോടതി ശിക്ഷിച്ചത്. 2019 ജൂൺ 21-നാണ് പ്രതികൾ രാഖിയെ കൊലപ്പെടുത്തി മറവു ചെയ്തത്. ലഡാക്കിൽ സൈനിക ഉദ്യോഗസ്ഥനായ അഖിൽ വർഷങ്ങളായി രാഖിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹവും ചെയ്തു. അഖിലിനു മറ്റൊരു യുവതിയുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചപ്പോൾ ഇതിനെച്ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. ഇതോടെ അമ്പൂരിയിൽ പുതുതായി പണിയുന്ന വീട് കാണിച്ചുകൊടുക്കാമെന്നു പറഞ്ഞാണ് രാഖിയെ പ്രതികൾ അവരുടെ കാറിൽ നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡിൽനിന്ന് കയറ്റിക്കൊണ്ടുപോയത്. കാറിൽവെച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം അഖിലിന്റെ വീടിനു സമീപം എടുത്ത കുഴിയിൽ മൃതദേഹമിട്ടുമൂടിയശേഷം അഖിൽ ജോലിസ്ഥലത്തേക്കും മറ്റു പ്രതികൾ ഗുരുവായൂരിലേക്കും പോകുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആലപ്പുഴ പി.പി.ഗീത, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ എന്നിവർ ഹാജരായി.