കരീം ബെൻസെമയെ വരവേറ്റ് ഇത്തിഹാദ് ആരാധകർ; ഗോൾഡൻ ബാൾ ഉയർത്തി താരം
ജിദ്ദ: സൗദി ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് ക്ലബ്ബിലേക്ക് എത്തിയ ഫ്രഞ്ച് താരം കരീം ബെൻസെമയെ ഒദ്യോഗികമായി തങ്ങളുടെ ആരാധകർക്ക് പരിചയപ്പെടുത്തുന്നതിനായി ക്ലബ് പ്രസന്റേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു. ജിദ്ദ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ വ്യാഴാഴ്ച്ച നടന്ന പരിപാടിയിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ആരാധകരുടെ ആവേശകരമായ കയ്യടിയോടെ സ്റ്റേഡിയത്തിലേക്ക് കടന്നു വന്ന ബെൻസെമയെ ക്ലബ്ബ് അധികൃതർ സ്വീകരിച്ചു. 2022 ൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി താൻ നേടിയ ഗോൾഡൻ ബാൾ ബെൻസെമ തന്റെ അവതരണ ചടങ്ങിനിടെ ഉയർത്തി കാണിച്ചു. ഇതാദ്യമായാണ് സൗദി സ്റ്റേഡിയത്തിൽ ഗോൾഡൻ ബാൾ പുരസ്‌കാരം ഉയർത്തുന്നത്. സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ മുഴുവൻ ആരാധകരെയും അഭിവാദ്യം ചെയ്താണ് താരം സ്റ്റേഡിയം വിട്ടത്. ചടങ്ങിന് ശേഷം ബെൻസെമ തന്റെ ട്വിറ്ററിൽ ഇങ്ങിനെ കുറിച്ചു: ‘ജിദ്ദ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഈ രാത്രി എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പ്രത്യേക നിമിഷമായിരുന്നു.