‘മുന്‍ഗണന’ റേഷന്‍ കാര്‍ഡുകളുടെ ആധികാരികത ഉറപ്പാക്കണം; ഓണ്‍ലൈനായി പരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഭക്ഷ്യസെക്രട്ടറി നിര്‍ദേശം നല്‍കി. മുന്‍ഗണനയില്‍നിന്നു മാറ്റിയ റേഷന്‍ കാര്‍ഡുകള്‍ ‘മുന്‍ഗണന’ മുദ്രയോടെ കാര്‍ഡ് ഉടമകളുടെ കൈയില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇവയുടെ ആധികാരികത ഓണ്‍ലൈനായി https://etso.civilsupplieskerala.gov.in/index.php/c_checkrcard_details എന്ന വെബ്സൈറ്റില്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ പിഴ കൂടാതെ സ്വയം സറണ്ടര്‍ ചെയ്യാനുള്ള സമയപരിധി ഈ മാസം 15ന് അവസാനിക്കും. ജൂണ്‍ ആദ്യം മുതല്‍ കാര്‍ഡുകള്‍ സ്വയം സറണ്ടര്‍ ചെയ്യാന്‍ സമയം നല്‍കിയിരുന്നു.
അറുപതിനായിരത്തിലധികം ആളുകളാണ് ജൂണ്‍ അവസാനം വരെ കാര്‍ഡ് മാറ്റാന്‍ അപേക്ഷ നല്‍കിയത്. അപേക്ഷകള്‍ ഓണ്‍ലൈനില്‍ ആയിരുന്നതിനാല്‍ സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ കാര്‍ഡുകള്‍ നേരിട്ടു പരിശോധിച്ചു മുന്‍ഗണന/സബ്സിഡി എന്നതു റദ്ദാക്കി സീല്‍ പതിപ്പിച്ചിരുന്നില്ല. ഓണ്‍ലൈന്‍ സംവിധാനത്തില്‍ കാര്‍ഡുകളുടെ വിഭാഗം മാറ്റിക്കഴിഞ്ഞു.
മഞ്ഞയും പിങ്കും മുന്‍ഗണനാ വിഭാഗം കാര്‍ഡുകളും നീല സംസ്ഥാന സബ്സിഡി വിഭാഗം കാര്‍ഡുമാണ്.

