ആകെ റജിസ്റ്റർ ചെയ്തത് 6,500 കേസുകൾ, അതിൽ ബലാത്സംഗം 3: മണിപ്പുർ പൊലീസ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി∙ മണിപ്പുരിൽ കലാപവുമായി ബന്ധപ്പെട്ട് 6523 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതിൽ മൂന്നെണ്ണം മാത്രമാണ് ബലാത്സംഗക്കേസുകളെന്ന് പൊലീസ് സുപ്രീം കോടതിയിൽ. ബലാത്സംഗവും കൊലപാതകവും ഒരുമിച്ചുള്ള കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ ഒന്ന് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് അറിയിച്ചു. സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പതിനഞ്ച് കേസുകളുണ്ടെങ്കിലും ഭൂരിഭാഗം കേസുകളും കൊള്ളയും തീവയ്പ്പും ആണെന്ന് മണിപ്പൂരിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. മേയ്യ്ക്കും ജൂലൈ 30നും ഇടയിൽ തീവയ്പ്പുമായി ബന്ധപ്പെട്ട് 4,500 കേസുകളും നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് 4,694 കേസുകളും കവർച്ചയുമായി ബന്ധപ്പെട്ട് 4,148 കേസുകളുമുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആരാധനാലയങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 46 കേസുകളും ദാരുണമായി പരുക്കേറ്റതുമായി ബന്ധപ്പെട്ട് 100 കേസുകളുമാണ് റജിസ്റ്റർ ചെയ്തെന്നു റിപ്പോർട്ടിൽ പറയുന്നു. വിവിധ സംഭവങ്ങളിൽ കേസ് എടുത്തിട്ടുണ്ടെങ്കിലും ആകെ 6523 എഫ്ഐആറുകൾ മാത്രമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പല കേസുകളും മറ്റു പല കേസുകളുമായി ബന്ധപ്പെട്ട് കിടക്കുന്നവയായതിനാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. അതേസയമം മണിപ്പുരിൽ കൊലപാതക കേസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി മണിപ്പുർ പൊലീസ് ഓഫിസർ ദേശീയ മാധ്യമത്തോട് പറഞ്ഞു. മേയിൽ 107 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ജൂണിൽ 38ഉം ജൂലൈയിൽ 17ഉം ഓഗസ്റ്റിൽ ആറും കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

