KSDLIVENEWS

Real news for everyone

പകർച്ചപ്പനികൾ പലവിധം; ഡോക്ടർമാരില്ലാതെ വല‍ഞ്ഞ് കാസർകോട് ജില്ലയിലെ ആരോഗ്യമേഖല

SHARE THIS ON

കാഞ്ഞങ്ങാട്: പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ജില്ലയിലെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ‍. നിലവിൽ, 78 തസ്തികയില്‍ ഡോക്ടർമാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണ് 7 പേർ സ്ഥലം മാറി പോയത്. ഇവർക്ക് പകരം ഡോക്ടർമാരെ നിയമിച്ചിട്ടില്ല. രാവിലത്തെ ഒപി പോലും മുടക്കമില്ലാതെ കൊണ്ടു പോകാൻ പാടുപെടുകയാണ് അധികൃതർ. മലയോര മേഖലയിലാണ് ഡോക്ടർമാരുടെ കുറവ് ഏറെ അനുഭവപ്പെടുന്നത്. ജില്ലയില്‍ ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമാണ്. ഓരോ ദിവസവും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ചില ആശുപത്രികളിൽ ഉണ്ടായിരുന്ന രാത്രികാല ഒപി നിർത്തലാക്കുകയും ചെയ്തു.

ജില്ലയ്ക്ക് അനുവദിച്ച ഡോക്ടർമാരുടെ ആകെ തസ്തിക 323 ആണ്. ഇതിൽ 245 തസ്തികയിൽ നിയമനം നടന്നു. ബാക്കി 78 തസ്തികകളാണ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. താൽക്കാലിക നിയമനം നടത്തിയാണ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നത്. എന്നാൽ കൂടിക്കാഴ്ച നടത്തിയാൽ പോലും ജില്ലയിൽ ജോലി ചെയ്യാൻ ഡോക്ടർമാരെ കിട്ടാത്ത സ്ഥിതിയാണ്.  പുതിയ നിയമനങ്ങളിൽ കൂടുതലും എംബിബിഎസ് കഴിഞ്ഞവരാണ്. ഇവർ ജില്ലയിൽ എത്തിയാൽ ഉടൻ തന്നെ ഉന്നത പഠനത്തിനായി അവധിയെടുത്ത് പോകുകയാണ് പതിവ്. ജില്ലയിൽ സേവനം ചെയ്യുന്ന ഡോക്ടർമാർക്ക് അധികവേതനം നൽകുകയോ അല്ലെങ്കിൽ ഇൻസെന്റീവ് നൽകുകയോ ചെയ്താൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇക്കാര്യം ജില്ലയിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുകൂല നടപടി സ്വീകരിച്ചില്ല. നിലവിൽ ദേശീയാരോഗ്യ ദൗത്യം വഴി നിയമിക്കപ്പെടുന്ന ഡോക്ടർമാർക്ക് ലഭിക്കുന്നത് 44,000 രൂപയാണ്. അഡ്ഹോക് വഴി നിയമിക്കപ്പെടുന്നവർക്ക് ലഭിക്കുന്നത് 54,000 രൂപയാണ്. പിഎസ്‌സി വഴി നിയമിക്കപ്പെടുന്ന ഡോക്ടർമാർക്ക് തുടക്കത്തിൽ തന്നെ 70,000 രൂപ വേതനമായി ലഭിക്കും. ഈ തുകയെങ്കിലും നൽകാൻ തയാറായാൽ ജില്ലയിലേക്ക് ഡോക്ടർമാർ വരാൻ തയാറായേക്കും. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്ത സാഹചര്യത്തിൽ സ്ഥലംമാറി പോകുന്നവർക്കു പകരം ഡോക്ടർമാരെ നിയമിക്കാന്‍ സർക്കാർ തയാറാകണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!