KSDLIVENEWS

Real news for everyone

കാസർകോട്ടെ ചന്ദനവേട്ട പ്രതികൾക്ക്‌ അന്തർസംസ്ഥാന ബന്ധം ; അന്വേഷണം ഊർജിതം

SHARE THIS ON

കാസർകോട് കലക്ടരുടെ ക്യാമ്പ് ഓഫീസ് പരിസരത്തെ വീട്ടിൽനിന്ന് കോടികളുടെ ചന്ദനം പിടിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ് . വിശദാന്വേഷണത്തിന് കർണാടക പൊലീസിന്റെയും വനംവകുപ്പിന്റെ സഹായം തേടി . പ്രതികളിൽ ചിലരുടെ വീടുകളിൽ റെയ്ഡ് നടത്തി . വീട്ടുടമയെ ചോദ്യം ചെയ്തു . ചന്ദനക്കടത്തിൽ വർഷങ്ങളായി സജീവമായ കാസർകോട്ടെ ചിലർക്ക് സംഭവവുമായി ബന്ധമുണ്ടെന്നും അന്തർസംസ്ഥാനബന്ധമുണ്ടെന്നും ഉറപ്പിച്ചിട്ടുണ്ട് . ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി കെ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ അനിൽകുമാർ ഉൾപ്പടെയുള്ള ഏഴംഗസംഘമാണ് അന്വേഷിക്കുന്നത് . ചൊവ്വാഴ്ച രാത്രിയാണ് കാസർകോട് കലക്ടർ ഡോ . സജിത് ബാബുവിന്റെ ഗൺമാനും ഡ്രൈവറും ചന്ദനക്കടത്ത് കണ്ടെത്തിയത് . കലക്ടർ ഇടപെട്ടു 855.5 കിലോ ചന്ദനവും വാഹനങ്ങളും പിടിച്ചെടുത്തു . നായന്മാർമൂലയിലെ തായൽ വി അബ്ദുൾഖാദറിന്റെ വീട്ടിൽനിന്നാണ് ചന്ദനമുട്ടികളും ലോറിയും കാറും ഉൾപ്പടെയുള്ള വാഹനങ്ങളും പണവും കണ്ടെത്തിയത് . കലക്ടറുടെ ഔദ്യോഗികവസതിക്ക് സമീപത്ത് നടന്ന നിയമവിരുദ്ധപ്രവർത്തനം വനംവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട് . കഴിഞ്ഞദിവസം പുനലൂരിൽ വനംവകുപ്പ് പിടികൂടിയ കാസർകോട് സ്വദേശിക്ക് ഈ സംഭവവുമായി ബന്ധമുണ്ടായെന്നും അന്വേഷിക്കുന്നുണ്ട് . അബ്ദുൾഖാദറിന്റെ പറമ്പിലെ ഷെഡുകളിലും വാഹനങ്ങളിലും ഒളിപ്പിച്ച നിലയിലും ചന്ദനം കണ്ടെത്തിയിരുന്നു . ചന്ദനം മുറിച്ചു കടത്താനുപയോഗിക്കുന്ന മഴുവും കണ്ടെടുത്തിരുന്നു . ചന്ദനം കയറ്റിയ ലോറി കർണാടക സ്വദേശിയുടേതാണ് . അകമ്പടിക്കായി ഒരുക്കിയ കാറുകളിലും ചന്ദനമുട്ടികളുണ്ടായിരുന്നു . പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ കാറിൽ തിരിയുമ്പോൾ ലോറിയുമായി കടന്നുകളയാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത് . നായന്മാർമൂല , മഞ്ചേശ്വരം എന്നിടങ്ങളിലായി പത്തിലധികം ചന്ദനഫാക്ടറികൾ കാസർകോട് പ്രവർത്തിച്ചിരുന്നു . കുടിപ്പകയുടെ പേരിലുള്ള ഏറ്റുമുട്ടൽ , കൊലപാതകം എന്നിങ്ങനെ പൊലീസിനും വനംവകുപ്പിനും പേടിസ്വപ്നമായിരുന്നു ഒരു കാലത്ത് ചന്ദനക്കള്ളക്കടത്തുകാർ . വീട്ടുപറമ്പുകളിൽനിന്നും ചെറിയ മരങ്ങൾ മുതൽ വനത്തിലെ കൂറ്റൻ മരങ്ങൾവരെ ഇവരുടെ മഴുവിന് ഇരയായി . പലരും ചന്ദനഫാക്ടറികളുടെ ഉടമകളും കൂടിയാണ് . കേരളത്തിലെ സംരക്ഷിതവനങ്ങളിലെ ചന്ദനമരങ്ങൾ വ്യാപകമായി വെട്ടാൻ തുടങ്ങിയപ്പോഴാണ് ഫാക്ടറികൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത് . ഇതോടെ കർണാടകം , ഗോവ , ആന്ധ്ര എന്നിവിടങ്ങളിലേക്ക് ഫാക്ടറികൾ മാറ്റിയാണ് ചന്ദനലോബി കൊഴുത്തത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!