KSDLIVENEWS

Real news for everyone

കാര്‍ഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി ; പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

SHARE THIS ON

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ സമരം തുടരുന്നതിനിടെ വിഷയത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിപക്ഷ നേതാക്കൾ നിവേദനം സമർപ്പിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
നിങ്ങൾ ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നെ ഒരിക്കലും ഉണരാൻ കഴിയില്ലെന്നാണ് തനിക്ക് കർഷകരോട് പറയാനുള്ളതെന്ന് രാഹുൽ പറഞ്ഞു. സർക്കാർ മായിക ലോകത്ത് കഴിയരുത്. വിട്ടുവീഴ്ചയ്ക്ക് കർഷകർ തയ്യാറല്ല. ശരിയായ വിധത്തിലുള്ള ചർച്ച നടത്താതെയും കർഷകരുമായി ആശയവിനമയം നടത്താതെയും കാർഷിക നിയമങ്ങൾ പാസാക്കിയ രീതി കർഷകർക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. കർഷകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നീക്കമാണ് നടന്നത്. കൊടും തണുപ്പിലും അവർ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് അതുകൊണ്ടാണ്. കാർഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാൽ നിർഭയരായ കർഷകർ സമരത്തിൽനിന്ന് പിന്മാറില്ല. സമാധാനപരമായ പ്രതിഷേധം അവർ തുടരും. അതിനാൽ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം പ്രധാനമാണ്. ‘കർഷകരാണ് രാജ്യത്തെ നിർമ്മിച്ചത്. ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കും. നിങ്ങളാണ് ഇന്ത്യ’ – രാഹുൽ പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. കൊടും തണുപ്പിലും കർഷകർ നിരത്തിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുകയാണ്. കാർഷിക നിയമങ്ങളിൽ വിശദമായ ചർച്ച നടത്തണമെന്നും ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ആവശ്യപ്പെട്ടതാണ്. നിർഭാഗ്യവശാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. കാർഷിക ബില്ലുകൾ തിരക്കിട്ട് പാസാക്കുകയാണ് അവർ ചെയ്തതെന്നും പവാർ ചൂണ്ടിക്കാട്ടി.
ജനാധിപത്യ വിരുദ്ധമായി പാസാക്കിയ കാർഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി, ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ എന്നിവർ ഉൾപ്പെട്ട അഞ്ചംഗ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. കോവിഡ് സ്ഥിതിഗതികൾ കണക്കിലെടുത്താണ് അഞ്ചു പേർ മാത്രം രാഷ്ട്രപതിയെ സന്ദർശിച്ചാൽ മതിയെന്ന തീരുമാനം പ്രതിപക്ഷ പാർട്ടികൾ കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!