വിജയം സ്വന്തമാക്കാന്‍ മെസിയുടെ നീലപ്പട; കരുത്തുറ്റ മധ്യനിരയുമായി ജയിക്കാന്‍ ഡച്ചുപട

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന-നെതര്‍ലണ്ട്‌സ് പോരാട്ടം ഇന്ന്. ലയണല്‍ മെസി, ഡി മരിയ എന്നിവരടങ്ങുന്ന മുന്നേറ്റ നിര അര്‍ജന്‍റീനയ്ക്ക് കരുത്ത് പകരുമ്ബോള്‍ ശക്തമായ മധ്യനിരയിലാണ് ഹോളണ്ടിന്റെ പ്രതീക്ഷകള്‍. ലോകകപ്പില്‍ അഞ്ചാം തവണയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.രാത്രി 12.30 നാണ് അര്‍ജന്റീന- നെതര്‍ലാന്റ് പോരാട്ടം നടക്കുന്നത്.
ലോകകപ്പിന്‍റെ മഹാരണാങ്കണത്തില്‍ വീണ്ടുമൊരു അര്‍ജന്റീന ഡച്ച് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. സെമി ഷൂട്ടൗട്ടില്‍ മെസി ചിരിച്ച 2014, ബലാബലം പിരിഞ്ഞ 2006, ബെര്‍ഗ്കാംപിന്റെ ഇടിവെട്ടില്‍ ബാറ്റിസ്ട്യൂട്ട കരഞ്ഞ 98. കൊണ്ടും കൊടുത്തും ചുവന്നുതുടുത്ത ഇന്നലെകള്‍ ഏറെയുണ്ട്. 2014 ലെ കണക്കുവീട്ടാനാണ് ലൂയിസ് വാന്ഗാലിന്റെ ഓറഞ്ച് പട ഇറങ്ങുന്നത്.
കണക്കുകളെല്ലാം ഇത്തവണത്തേക്ക് കൂടി മാറ്റിവെക്കേണ്ടി വരുമെന്ന് അര്‍ജന്റീനക്കാരും പറയുന്നു. നിര്‍ണായക അങ്കത്തിനിറങ്ങുമ്ബോള്‍ അര്ജന്റീനയുടെ എഞ്ചിനായ ഡിപോള്‍ കളിക്കില്ലെന്ന അഭ്യൂഹങ്ങള്‍ കോച്ച് സ്‌കലോണി തന്നെ തള്ളുന്നു.
പിന്നാലെ ഡിപോളും ഡിമരിയയും മെസിയുമുള്‍പ്പെടെ മുഴുവന് താരങ്ങളും ദോഹയില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. വലിയ മാറ്റങ്ങളില്ലാതെയായിരിക്കും രണ്ട് ടീമുകളും ക്വാര്‍ട്ടറിനിറങ്ങുകയെന്നാണ് സൂചനകള്‍. കരുത്തുറ്റ മധ്യനിരയും പ്രതിരോധ നിരയുമാണ് ഡച്ച് പടയുടെ കരുത്തെങ്കില്‍, ലയണല്‍ മെസിയും ഡി മരിയയും അണിനിരക്കുന്ന മുന്നേറ്റ നിരയിലാണ് അര്ജന്റീനയുടെപ്രതീക്ഷകള്‍.

