KSDLIVENEWS

Real news for everyone

അന്‍വര്‍ ടിഎംസി സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍; മമത കേരളത്തിലേക്ക്, കോഴിക്കോട്ടോ മലപ്പുറത്തോ പൊതുസമ്മേളനം

SHARE THIS ON

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അഭിഷേകിന്റെ കൊല്‍ക്കത്തയിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അന്‍വര്‍ ഇന്ന് മുതല്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തും. കോഴിക്കോട്ടോ മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ മമത പങ്കെടുക്കും. ശനിയാഴ്ച പി.വി. അന്‍വറും മമത ബാനര്‍ജിയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും അന്‍വറിന്റെ ഓഫീസ് അറിയിച്ചു.

അന്‍വറിന്റെ പൊതുസേവനത്തിനായുള്ള സമര്‍പ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും അഭിഷേക് ബാനര്‍ജിയുടെ എക്സിലെ കുറിപ്പിലുണ്ട്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

error: Content is protected !!