KSDLIVENEWS

Real news for everyone

എട്ടുപേർ കൊല്ലപ്പെട്ട കളമശേരി സ്‌ഫോടനം: ബോംബിന്റെ ചിത്രങ്ങള്‍ മാര്‍ട്ടിന്‍ വിദേശനമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തി

SHARE THIS ON

കൊച്ചി: എട്ടുപേര്‍ കൊല്ലപ്പെട്ട കളമശേരി ബോംബ് സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. യഹോവ സാക്ഷികള്‍ എന്ന ക്രിസ്ത്യന്‍ വിഭാഗത്തിലെ അംഗങ്ങളെ കൊല്ലാന്‍ തയ്യാറാക്കിയ ബോംബിന്റെ ചിത്രങ്ങള്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്‍ വിദേശരാജ്യത്തെ നമ്ബറിലേക്ക് അയച്ചുനല്‍കിയെന്നാണ് കണ്ടെത്തല്‍.

മൊത്തം മൂന്നു നമ്ബറുകളിലേക്കാണ് ചിത്രം അയച്ചിട്ടുള്ളത്. അതില്‍ ഒന്ന് വിദേശത്തുള്ളതാണ്.

ഈ കണ്ടെത്തലിന്റെ ഭാഗമായാണ് ഇന്റര്‍പോള്‍ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ഏറെക്കാലം ദുബൈയിലായിരുന്നു. ഇവിടെവച്ച്‌ ഇയാള്‍ക്ക് ബാഹ്യപ്രേരണ ലഭിച്ചിരിക്കാമെന്ന സംശയം ഒരു ഘട്ടത്തില്‍ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. എന്നാല്‍ ദുബൈയില്‍ വിശദമായ അന്വേഷണം നടന്നിരുന്നില്ല. യുഎഇയില്‍ അന്വേഷണം നടത്താന്‍ നിയമപരമായി സാധ്യമല്ലാത്തതിനാലാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.

െ്രെകംബ്രാഞ്ച് ഐജിയാണ് സംസ്ഥാന പോലിസിന്റെ ഇന്റര്‍പോള്‍ ലെയ്‌സണ്‍ ഓഫീസര്‍. ഇന്റര്‍പോള്‍ സഹായം തേടാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ യുഎഇ അധികൃതരുമായി ഐജിക്ക് കേസിലെ നടപടികള്‍ ചര്‍ച്ച ചെയ്യാം. മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലം, ഇവിടുത്തെ സുഹൃത്തുക്കള്‍, സൗഹൃദവലയം, കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നില്‍ എത്തിക്കാന്‍ ആകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2023 ഒക്‌ടോബര്‍ 29ന് രാവിലെയാണ് യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടന പരമ്ബര നടത്തിയത്. സമ്മേളനഹാളിലെ വിവിധ സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചശേഷം റിമോട്ട് ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവ ദിവസം തന്നെ ഒരാളും പിന്നീട് വിവിധ ദിവസങ്ങളിലായി ചികില്‍സയില്‍ കഴിഞ്ഞ ഏഴു പേരുമാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!