കോവിഡ് പ്രതിരോധത്തിലെ പാളിച്ച; യോഗിയ്ക്ക് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രിയുടെ കത്ത്

ലക്‌നോ: ഉത്തർപ്രദേശിൽ പാളിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വാറിന്റെ കത്ത്. ഓക്സിജൻ ക്ഷാമം, വെന്‍റിലേറ്ററുകളുടെയും മറ്റു മെഡിക്കൽ ഉപകരണങ്ങളുടെയും പൂഴ്ത്തിവെപ്പ് തുടങ്ങിയവ ഉന്നയിച്ചാണ് കത്ത്. തലസ്ഥാന നഗരത്തിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള സന്തോഷിന്‍റെ മണ്ഡലമായ ബറേലിയിൽ സ്ഥിതി ഗുരുതരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ കത്ത്. സന്തോഷ് ഗാങ്വാറിന്റെ ലോക്സഭ മണ്ഡലമാണ് ബറേലി. ബറേലിയിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന് വിവരിച്ച അദ്ദേഹം അവിടെ വെന്‍റിലേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും കരിഞ്ചന്തയിൽ വിൽക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ ഫോൺ കോളുകൾ എടുക്കുന്നില്ല, കോവിഡ് രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കണമെന്ന നിർദേശവും യോഗിക്ക് നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു, അത് മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു കത്തിനെക്കുറിച്ച് സന്തോഷിന്‍റെ പ്രതികരണം.

