KSDLIVENEWS

Real news for everyone

എലത്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കെ. മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

SHARE THIS ON

കോഴിക്കോട്∙ എലത്തൂര്‍ കോരപ്പുഴ പാലത്തിനു മുകളിൽ ചൊവ്വാഴ്ച അർധരാത്രി കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ പിതാവും രണ്ടര വയസ്സുകാരനായ മകനും മരിച്ചു. കാർ യാത്രക്കാരായ 4 പേർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. മരിച്ച അതുൽ കെ. മുരളീധരൻ എംപിയുടെ ഡ്രൈവറാണ്.

വെസ്റ്റ്ഹിൽ ചുങ്കം പണിക്കർ തൊടി എസ്.പി.അതുൽ (24), മകൻ അൻവിക് എന്നിവരാണ് മരിച്ചത്. അർധരാത്രി കഴിഞ്ഞ് 12.30നായിരുന്നു അപകടം. കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

എലത്തൂരുണ്ടായ അപകടത്തിൽനിന്ന്

അതുലിന്റെ ഭാര്യ മായ (21), മാതാവ് കൃഷ്ണവേണി (52), കാർ യാത്രക്കാരായ വടകര സ്വദേശികളായ സായന്ത്, സൗരവ്, അഭിമന്യു, സോനു എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊയിലാണ്ടി ഭാഗത്തേക്കു പോകുകയായിരുന്നു കാർ.

കൊയിലാണ്ടിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് വെസ്റ്റ്ഹിൽ ചുങ്കത്തെ വീട്ടിലേക്കു വരികയായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നവർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാറിന്റെ മുൻഭാഗം തകർന്നു. കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു തിരിഞ്ഞാണ് നിന്നത്. പരുക്കേറ്റവരെ ഉടനെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്നും എലത്തൂരിൽ നിന്നും പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!