ഡോ: വന്ദന കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ; രാജ്യത്തെങ്ങും നടക്കാത്ത കാര്യങ്ങൾ; പൊലീസിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നില്ലേ: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂവെന്നും കോടതി പറഞ്ഞു. പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ രാവിലെ കോടതിക്കു വിശദീകരണം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയാണു നിർദേശം നൽകിയത്. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആശുപത്രി സന്ദർശിച്ചു ഹൈക്കോടതിക്കു റിപ്പോർട്ട് നൽകണം. അതിദാരുണമായ സംഭവമാണ് നടന്നത്. ഇത്തരം സംഭവം നടക്കാതെ നോക്കേണ്ട ബാധ്യത പൊലീസിന് ഉണ്ടായിരുന്നില്ലേ? 5 പൊലീസുകാർ ഉണ്ടായിരുന്നിട്ടും തടയാനായില്ല. വനിതാ ഡോക്ടറെ അടക്കം സ്ത്രീകൾക്ക് സംരക്ഷണം നൽകാനെങ്കിലും പൊലീസിനു കഴിയണമായിരുന്നെന്നും കോടതി പറഞ്ഞു. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കും എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഡോക്ടർ വന്ദന നമ്മുടെ മകളെന്നും കോടതി പറഞ്ഞു.
ഇന്നു പുലർച്ചെ നാലരയോടെയാണ് വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കും കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

