മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും ജനസേവനം: പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ശ്രീനഗർ: പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീരിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മിഷണർ രാജ് കുമാർ ഥാപ്പയാണ് രജൗരിയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആത്മാർപ്പണമുള്ള ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിക്കൊപ്പം ജില്ലാ സന്ദർശനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നെന്നും താൻ അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നെന്നും ഒമർ അബ്ദുള്ള എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.രാജ് കുമാർ ഥാപ്പയുടെ വീടിനുനേരെയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതെന്നും ഒമർ അബ്ദുള്ള എക്സ് പോസ്റ്റിൽ പറഞ്ഞു.
ഥാപ്പയുടെ മരണത്തിൽ അതീവ ദുഃഖിതനാണെന്ന് ബിജെപി നേതാവ് രവീന്ദർ റഎയ്ന എക്സിൽ കുറിച്ചു. വളരെ ധീരനും ജനസ്നേഹിയുമായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.

