ബന്ദികളെ മോചിപ്പിക്കാനായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 274 ആയി

ഗസ്സ സിറ്റി: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനായി മധ്യഗസ്സയിലെ നുസൈറാത്തിലും ദേർ അല്‍ ബലാഹിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇവരില്‍ നിരവധി പേർ സ്ത്രീകളും കുട്ടികളുമാണ്. 700ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ദേർ അല്‍ ബലാഹിലെ അല്‍ അഖ്സ രക്തസാക്ഷി ആശുപത്രിയിലേക്ക് മാറ്റി.
ഇസ്രായേലിന്റെ കര, നാവിക, വ്യോമ സൈനിക നീക്കത്തില്‍ നാല് ബന്ദികളെയാണ് മോചിപ്പിച്ചത്. ഫെബ്രുവരിയിലും ഇത്തരത്തില്‍ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ 74 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും രണ്ട് ബന്ദികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
നുസൈറാത്തിലെ രണ്ട് അപ്പാർട്മെന്റുകളില്‍ കഴിഞ്ഞിരുന്ന ബന്ദികളെ മോചിപ്പിക്കാനായി സൈന്യം പ്രത്യേക പരിശീലനം നടത്തുകയും വൻ സന്നാഹമൊരുക്കുകയും ചെയ്തിരുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
അതിനിടെ, മോചിതരായി ഇസ്രായേലിലെത്തിയ ബന്ദികളെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സന്ദർശിച്ചു. ബന്ദികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ഫോട്ടോകളും വിഡിയോകളും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. എന്നാല്‍, ബന്ദികള്‍ മോചിതരായ ദിവസവും വെടിനിർത്തല്‍ കരാറിനായുള്ള ആഹ്വാനവുമായി ആയിരക്കണക്കിന് ഇസ്രായേലികള്‍ തെല്‍അവീവില്‍ സർക്കാർവിരുദ്ധ പ്രകടനം നടത്തി.
ഇസ്രായേലില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ വെടിനിർത്തല്‍ നീക്കങ്ങള്‍ ചർച്ച ചെയ്യാൻ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച പശ്ചിമേഷ്യ സന്ദർശിക്കുന്നുണ്ട്.

