KSDLIVENEWS

Real news for everyone

മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’; തൃശ്ശൂർ DCC അധ്യക്ഷൻ ജോസ് വള്ളൂർ രാജിവെച്ചു

SHARE THIS ON

തൃശ്ശൂര്‍: നേതൃത്വത്തിന്റെ ആവശ്യത്തിനുപിന്നാലെ തൃശ്ശൂർ ഡിഡിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂർ രാജിവെച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും രാജി പ്രഖ്യാപിച്ചു. ഡിഡിസി ഓഫീസിലെത്തിയ ഇരുവരും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് രാജി അറിയിച്ചത്. കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിൻസന്റും പ്രതികരിച്ചു. രാജിസമർപ്പിക്കാനെത്തിയ ജോസിന് അഭിവാദ്യം അർപ്പിച്ച് നിരവധി പ്രവർത്തകരാണ് അദ്ദേഹത്തോടൊപ്പം ഡിസിസി ഓഫീസിലെത്തിയത്. ജോസ് വള്ളൂരിനെ എതിർക്കുന്ന ഒരു വിഭാഗം പ്രവർത്തകരും കോൺഗ്രസ് കൗൺസിലർമാരും ഇതേസമയം ഓഫീസിലുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മിൽ പിന്നീട് ഉന്തും തള്ളുമുണ്ടായി. എന്നാൽ, വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും രാജ്യപ്രഖ്യാപനത്തിനുശേഷം പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വിക്കും ഡി.സി.സി. ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ ജോസ് വള്ളൂരിനോടും യുഡിഎഫ് എം.പി വിൻസന്റിനോടും കഴിഞ്ഞദിവസം പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു. എഐസിസി നിർദേശം ജോസിനേയും വിൻസന്റിനേയും കെപിസിസി അറിയിക്കുകയായിരുന്നു. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതലയും നൽകി. ജോസ് വള്ളൂരിനെ നേരത്തെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂട്ടത്തല്ലില്‍ വിശദീകരണവുമായി ജോസ് വള്ളൂരും രംഗത്തെത്തി. കൂട്ടത്തല്ല് മദ്യലഹരിയില്‍ ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തിൽ ഉണ്ടായതാണെന്നായിരുന്നു തൃശ്ശൂര്‍ ഡി.സി.സിയുടെ വിശദീകരണം. കെ.എസ്.യു. നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവന്‍ മര്‍ദിച്ചുവെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളുമായിട്ടായിരുന്നു ജോസ് വള്ളൂര്‍ ഡല്‍ഹിയിൽ നേതാക്കളെ കാണാനെത്തിയത്. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ക്കെതിരേ ഡി.സി.സി.യുടെ മതിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈയേറ്റത്തിലെത്തിയത്. പോസ്റ്റര്‍ പതിച്ചത് സജീവന്‍ കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡി.സി.സി. സെക്രട്ടറിയും ഏതാനും പ്രവര്‍ത്തകരും ഓഫീസിന്റെ താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ സ്ഥലത്തെത്തിയ ജോസ് വള്ളൂരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സജീവന്‍ കുരിയച്ചിറയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കെ. മുരളീധരന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!