പാലക്കാട്ട് വാട്ടർ ടാങ്ക് തകർന്ന് വീണുള്ള ദാരുണ മരണം വിശ്വസിക്കാനാവാതെ ബസുദേവ്; ജോലികഴിഞ്ഞ് സാധനങ്ങളുമായെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ ഭാര്യയെയും കുഞ്ഞിനെയും

പാലക്കാട്: ഒന്നര വയസ്സുള്ള കുഞ്ഞുമകന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടുകൊണ്ടാണ് ബസുദേവ് താൻ താമസിക്കുന്ന ഷെഡ്ഡില്‍നിന്ന് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ജോലിക്കു പോയത്.
മീനും രണ്ടുമൂന്നു ദിവസത്തേക്കുള്ള പച്ചക്കറിയും വാങ്ങി ഉച്ചയോടെ തിരിച്ചെത്തിയപ്പോഴുള്ള കാഴ്ച ചങ്ക് തകർക്കുന്നതായിരുന്നു. ഭാര്യയും മകനും ജലസംഭരണി തകർന്ന് ജീവനറ്റ് കിടക്കുന്നു.
എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലായില്ല ബസുദേവിന്. രണ്ടുപേരുടെയും ശരീരങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ ഒന്നും പറയാനാകാതെ മണ്ണു പുരണ്ട ശരീരവുമായി അയാള്‍ മുറിക്കുള്ളില്‍ നിശ്ചലനായി ഏറെനേരമിരുന്നു, കൈയില്‍ മകന്റെ കുഞ്ഞുടുപ്പുകളുമായി. ഇടയ്ക്ക് മൊബൈല്‍ ഫോണില്‍ ഭാര്യയുടെയും മകന്റെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍, നിയന്ത്രണംവിട്ട് അയാള്‍ പൊട്ടിക്കരഞ്ഞു.
മൂന്നുപേരുള്ള ഒരു കുടുംബത്തിന് താത്കാലികമായി കഴിയാവുന്ന ഒരു ഷെഡ്ഡിലായിരുന്നു ആ കൊച്ചുകുടുംബം താമസിച്ചിരുന്നത്. ഫാമിലെ പശുത്തൊഴുത്തിനോടു ചേർന്നുതന്നെയായിരുന്നു ഷെഡ്ഡ്. അയയില്‍ മകന്റെ കുഞ്ഞുടുപ്പുകള്‍ വിരിച്ചിട്ടിരിക്കുന്നു. പുറത്ത് മകന്റെ രണ്ടു ജോടി ചെരിപ്പുകളും കാണാം. തകർന്ന ജലസംഭരണിക്കു സമീപം മണ്ണ് രക്തംപുരണ്ടു കിടപ്പുണ്ട്. സമീപത്ത് ഭാര്യ ഷൈമിലിയുടെ ചെരിപ്പും തലമുടിയില്‍ ഇടുന്ന ക്ലിപ്പും ചിതറിക്കിടക്കുന്നു.
മൂന്നുവർഷം മുമ്ബാണ് ബംഗാള്‍ സ്വദേശിയായ ബസുദേവ് ജോലി തേടി ചെർപ്പുളശ്ശേരിയില്‍ എത്തുന്നത്. നേരത്തേ കരുമാനാംകുറിശ്ശിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ആറുമാസത്തിനടുത്തായി വെള്ളിനേഴിയിലെ പശുഫാമിലേക്കു മാറിയിട്ട്. ഇവിടെ ആറു പശുക്കളുണ്ട്. അവയെ പരിപാലിക്കുന്നതിനും പാല്‍ കറക്കുന്നതിനുമാണ് ഫാം ഉടമ ഇവരെ കൊണ്ടുവന്നത്. മൂന്നുമാസം മുമ്ബാണ് ബസുദേവും കുടുംബവും നാട്ടില്‍ പോയിവന്നത്. ഇനി നാട്ടിലേക്ക് മടങ്ങാൻ ബസുദേവ് ഒറ്റയ്ക്കാണ്.
അപകടം വെള്ളം എടുക്കുന്നതിനിടെ
വെള്ളിനേഴി നെല്ലിപ്പറ്റക്കുന്നില്‍ സ്വകാര്യ പശുഫാമിലെ ജലസംഭരണി തകർന്ന് അതിഥിത്തൊഴിലാളികളായ അമ്മയും കുഞ്ഞും മരിച്ചത് ജലസംഭരണിയുടെ ടാപ്പില്‍നിന്ന് വെള്ളമെടുക്കുന്നതിനിടെയായിരിക്കുമെന്ന് നിഗമനം. താമസിക്കുന്ന മുറിയില്‍നിന്ന് മൂന്നുമീറ്ററോളം മാത്രം മാറിയാണ് ജലസംഭരണിയുള്ളത്. രണ്ടരമീറ്റർ നീളത്തിലും വീതിയിലുമുള്ളതായിരുന്നു സംഭരണി. ഇതില്‍ പകുതി വെള്ളമുണ്ടായിരുന്നതായി ഫാം ഉടമ രതീഷ് പറഞ്ഞു. വിജനമായ സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. കല്ലുകള്‍ക്ക് ഇടയില്‍ കിടന്ന ഷൈമിലിയെയും കുട്ടിയെയും ചെർപ്പുളശ്ശേരി എസ്.ഐ. ഡി. ഷബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള പോലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് സംഭരണിയുടെ ഭിത്തിക്കടിയില്‍നിന്ന് പുറത്തെടുത്തത്. കോങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങളുടെ സഹായത്തോടെ ആംബുലൻസില്‍ കയറ്റിയ മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരൻ, ജില്ലാപഞ്ചായത്തംഗം കെ. ശ്രീധരൻ, വാർഡംഗം സി. ജലജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനില്‍കുമാർ ഉള്‍പ്പെടെ ജനപ്രതിനിധികളും വില്ലേജ് ഓഫീസർ പ്രീതിയും സ്ഥലത്തെത്തി.
ജലസംഭരണി തകർന്ന് യുവതിയും കുഞ്ഞും മരിച്ചു
വെള്ളിനേഴി നെല്ലിപ്പറ്റക്കുന്നില്‍ സ്വകാര്യ പശുഫാമിലെ ജലസംഭരണി തകർന്ന് ഫാം തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശിനിയും കുഞ്ഞും മരിച്ചു. ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ ഷൈമിലി (30), മകൻ സമിറാം (ഒന്നര) എന്നിവരാണ് തകർന്ന ജലസംഭരണിയുടെ വെട്ടുകല്ലുകള്‍ക്കടിയില്‍പ്പെട്ട് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ഷൈമിലിയുടെ ഭർത്താവ് ബസുദേവ് ഹാത്തും ഇതേഫാമിലെ തൊഴിലാളിയാണ്. ഫാമിനോടുചേർന്ന ഒറ്റമുറിയിലാണ് ഈ കുടുംബം താമസിക്കുന്നത്. സംഭവസമയത്ത് ബസുദേവ് ഫാം ഉടമ വെള്ളിനേഴി ചെട്ടിയാർതൊടി വീട്ടില്‍ രതീഷിനൊപ്പം ചെർപ്പുളശ്ശേരിയില്‍ പോയിരിക്കുകയായിരുന്നു. ബസുദേവ് ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് ജലസംഭരണി തകർന്നതായി കണ്ടത്. വെട്ടുകല്ലുകള്‍ക്കിടയില്‍ കാണപ്പെട്ട ഭാര്യയെയും കുഞ്ഞിനെയും എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉയരത്തിലുള്ള കരിങ്കല്‍ത്തറയില്‍ വെട്ടുകല്ലുകള്‍കൊണ്ട് പണിത ജലസംഭരണിക്ക് അഞ്ചരയടിയോളം ഉയരമുണ്ടായിരുന്നു.