2.75 കോടി കുടിശ്ശിക; നീലേശ്വരം പുതിയ ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം മന്ദഗതിയിൽ

നീലേശ്വരം: നഗരസഭയുടെ സ്വപ്ന പദ്ധതിയായ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി മന്ദഗതിയിൽ. പൂർത്തിയായ പ്രവൃത്തിയുടെ രണ്ടേമുക്കാൽ കോടിയുടെ ബില്ല് കരാറുകാരന് ലഭിക്കാത്തതാണ് നിർമാണ പ്രതിസന്ധിക്ക് കാരണം.
മൂന്നരകോടിയുടെ പ്രവൃത്തി പൂർത്തിയായി. ഇതിൽ രണ്ടേമുക്കാൽ കോടിയുടെ ബില്ല് സമർപ്പിച്ചെങ്കിലും കരാറുകാരന് പണം ലഭിച്ചില്ല. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്നും 15,53,50,000 രൂപ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കാനായി നഗരസഭ അധികൃതർ വായ്പ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഫിനാൻസ് കോർപറേഷനുമായി നീലേശ്വരം നഗരസഭ ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തതിനാൽ കരാറുകാരന് പണം ലഭിച്ചില്ല. ഒപ്പുവെച്ചാൽ മാത്രമേ സമർപ്പിച്ച ബില്ലിന്റെ 90 ശതമാനം കരാറുകാരന് ലഭിക്കുകയുള്ളു. മാത്രമല്ല, വായ്പയെടുക്കാനുള്ള അനുവാദം സർക്കാറിൽ നിന്നുലഭിച്ചാലെ നഗരസഭ സെക്രട്ടറിക്ക് ധാരണാപത്രത്തിൽ ഒപ്പിടാൻ സാധിക്കുകയുള്ളു.
കെ.യു.ആർ.ഡി.എഫ്.സിയിൽനിന്ന് വായ്പയെടുക്കാൻ നഗരസഭ സർക്കാറിലേക്ക് അപേക്ഷ സമർപ്പിച്ച് ഒരുവർഷം കഴിഞ്ഞിട്ടും അനുമതി കിട്ടിയിട്ടില്ല. ഇതാണ് പ്രതിസന്ധിയിലാക്കിയത്.
നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയും മറ്റ് ജനപ്രതിനിധികളും തിരുവനന്തപുരത്തെത്തി ബന്ധപ്പെട്ട വകുപ്പുമന്ത്രിയെ കണ്ടിട്ടും അനുമതി ലഭിച്ചില്ല.
വാഹന പാർക്കിങ് ഏരിയയുടെ പ്രവൃത്തി പൂർത്തിയായ ശേഷം ഒന്നാം നിലയുടെ പണി ആരംഭിച്ചിരുന്നു. ഈ പ്രവൃത്തിയാണ് നിലവിൽ മന്ദഗതിയിൽ നീങ്ങുന്നത്.