കൊണ്ടോട്ടിക്കാരെ ഒരിക്കലും മറക്കില്ല. നന്ദിയും അഭിനന്ദനവും അറിയിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസും
കരിപ്പൂര്‍ :കൊണ്ടോട്ടിക്കാരോട് തീരാത്ത കടപ്പാട്;| വിമാനദുരന്തമുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നു കരിപ്പൂരില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം. കൊവിഡ് ഭീഷണിക്കിടയിലും സധൈര്യം രക്ഷാപ്രവര്‍ത്തത്തിനിറങ്ങിയ കൊണ്ടോട്ടിക്കാര്‍ക്ക് അനുമോദനപ്രവാഹമാണ്. ഇപ്പോഴിതാ എയര്‍ ഇന്ത്യയും അവരെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നു.
മാനവികതക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു എന്ന തലക്കെട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫേസ്ബുക്ക് പേജിലാണ് രക്ഷാപ്രവര്‍ത്തകരെ അനുമോദിക്കുന്നത്. ‘ഇത് കേവലം ഒരു ധൈര്യമല്ല. ജീവന്‍ രക്ഷിക്കാനുള്ള മാനുഷിക സ്പര്‍ശമാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തി നിരവധി പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രണാമം. നന്ദി’- എയര്‍ ഇന്ത്യ അധികൃതര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രിയും അടക്കം പ്രമുഖരും രക്ഷാപ്രവര്‍ത്തനത്തെ അനുമോദിച്ച് രംഗത്ത് വന്നിരുന്നു. അപകടത്തില്‍ മരിച്ച ഒരാള്‍ക്കും പരുക്കേറ്റ മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എല്ലാവരും ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്.