ലക്ഷണമൊന്നുമില്ലാതിരുന്നിട്ടും ക്വാറന്റൈൻ പൂർത്തിയാക്കി ഒരു മാസം കഴിഞ്ഞ് കോവിഡ് പോസിറ്റീവ്
ഗൾഫിൽ നിന്നെത്തിയ യുവാവ് ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്

ബന്തടുക്ക: ലക്ഷണങ്ങളേതുമില്ല, ക്വാറന്റീൻ 28 ദിവസം പൂർത്തിയാക്കുകയും ചെയ്തു. വീട്ടിലേക്കു പോകുംമുൻപ് പരിശോധിക്കണമെന്ന നിർബന്ധം കൊണ്ടുമാത്രം ആരോഗ്യവകുപ്പ് സ്രവമെടുത്തു. ഫലം വന്നപ്പോൾ പോസിറ്റീവ്. ക്വാറന്റീൻ കാലയളവും ലക്ഷണമില്ലാതിരിക്കുന്നതും സുരക്ഷിതമല്ലെന്ന് തെളിയിച്ച് കോവിഡ് സ്ഥിരീകരിച്ചത് ബന്തഡുക്ക ഏണിയാടി സ്വദേശിക്ക്.
നാട്ടിലെത്തി 32-ാം ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. 36- കാരനായ ഇയാൾ ദുബായിൽനിന്നെത്തിയത് കഴിഞ്ഞമാസം എട്ടിന്. നേരെ പടുപ്പിലെ ഒരുവീട്ടിലേക്കാണ് പോയത്. അവിടെ ഒറ്റയ്ക്ക് ക്വാറൻീനിൽ കഴിഞ്ഞു. 28 ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിലേക്ക് പോയ്ക്കൊള്ളാൻ പറഞ്ഞു. വീട്ടിലേക്കുപോകും മുൻപ് സ്രവപരിശോധന നടത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ലക്ഷണമില്ലാത്തതിനാൽ അതിന്റെ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. സ്രവപരിശോധന നടത്തിയാലേ വീട്ടിലേക്കുള്ളൂവെന്ന് യുവാവ് വാശിപിടിച്ചു. ഒടുവിൽ 30-ാം നാൾ ഇയാൾ 2,500 രൂപ വാടക കൊടുത്ത് സ്വകാര്യ ആംബുലൻസിൽ ജില്ലാ ആസ്പത്രിയിലെത്തി സ്രവം പരിശോധനയ്ക്കുനൽകി. രണ്ടുദിവസം കഴിഞ്ഞ് ഫലം വന്നപ്പോൾ പോസിറ്റീവ്. ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന് ഇയാളെ പരവനടുക്കം കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.