സ്വർണ്ണക്കടത്ത് കേസ്
സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തൽ. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയത്. ഇതു സംബന്ധിച്ച് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണോ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. അതിന്റെ ഭാഗമായി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ നിലവിൽ കസ്റ്റംസ് ജയിലിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.
മറ്റൊരു ഭാഗത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനേയും ചോദ്യം ചെയ്യുന്നുമുണ്ട്. ലൈഫ് മിഷൻ ഇടപാടിനായി 3 കോടി 60 ലക്ഷം രൂപ ഡോളറാക്കി യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ സ്വദേശി ഖാലിദിന് കൈമാറിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. അതിൽ നിന്നാണോ വിദേശത്തേക്ക് സ്വപ്ന ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് പരിശോധിച്ചുവരുന്നത്.
എം.ശിവശങ്കറിനെ തുടർച്ചയായി രണ്ടാം ദിവസമാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.

