അദാനിയും അംബാനിയും ഉള്‍പ്പെടുന്ന സമ്ബന്നരുടെ പട്ടികയില്‍ രത്തൻ ടാറ്റ ഇടം പിടിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ ?
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ലോക സമ്ബന്നൻമാരുടെ പട്ടികയില്‍ 195 ബില്യണ്‍ ഡോളർ ആസ്തിയുള്ള എലോണ്‍ മസ്‌കാണ് ഒന്നാമൻ, ഇന്ത്യയിലെ അതിസമ്ബന്നർ ലോകകോടീശ്വരൻമാരുടെ പട്ടികയില്‍ പതിവായി ഇടംപിടിക്കാറുണ്ട് .
അദാനിയും അംബാനിയും മാറി മാറി സ്ഥാനം പിടിക്കുന്ന പട്ടികയില്‍ എന്നാല്‍ മുകളിലെ ആദ്യപത്തില്‍ ഒരിക്കലും കാണാനാവാത്ത പേരാവും രത്തൻ ടാറ്റയുടേത്. രാജ്യത്തെ മുൻനിര വ്യവസായ ശൃംഖലയുടെ തലപ്പത്തുള്ള ടാറ്റാ ഗ്രൂപ്പ് എന്ത് കൊണ്ടാണ് സമ്ബന്നരുടെ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നതെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ഐഐഎഫ്‌എല്‍ വെല്‍ത്ത് നല്‍കുന്ന വിവരങ്ങളനുസരിച്ച് ഇന്ത്യയിലെ ധനികരുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ രത്തൻ ടാറ്റയ്ക്ക് മുകളിലായി നാനൂറിലേറെ ഇന്ത്യക്കാരുണ്ട്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇത് എന്ത് കൊണ്ടാണെന്ന് മനസിലാക്കിയാല്‍ ടാറ്റയുടെ മഹത്വം മനസിലാവും. സ്വതന്ത്ര ഭാരതത്തില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം നിറഞ്ഞ് നിന്ന് വലിയ ബിസിനസ് സാമ്രാജ്യം നയിച്ചിട്ടും സമ്ബന്ന പട്ടികയില്‍ ഇടം നേടാത്തത് ടാറ്റ ട്രസ്റ്റ് വഴി രാജ്യമെമ്ബാടും നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാലാണ്.
2023ലെ കണക്കനുസരിച്ച് 165 ബില്യണ്‍ യുഎസ് ഡോളറാണ് ടാറ്റാ ഗ്രൂപ്പിന്റെ വരുമാനം. അതേസമയം ടാറ്റ കുടുംബത്തിന്റെയും കമ്ബനിയുടെയും സമ്ബത്തിന്റെ 66% ചാരിറ്റിയായി നല്‍കുന്ന പാരമ്ബര്യമാണ് ടാറ്റ ട്രസ്റ്റിനുള്ളത്. ടാറ്റ സണ്‍സിന്റെ ഇക്വിറ്റിയുടെ അറുപത്തിയാറു ശതമാനവും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ട്രസ്റ്റുകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ലാഭവിഹിതം നേരിട്ട് ഒഴുകുന്നു. ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സമ്ബ്രദായം മെച്ചപ്പെടുത്തല്‍ തുടങ്ങി രാജ്യത്തിന്റെ വികസനത്തിന് ഒരുപാട് സംഭാവനകള്‍ ടാറ്റ നല്‍കിയിട്ടുണ്ട്.
തന്റെ മുൻഗാമികളെ പോലെ രത്തൻ ടാറ്റയും രാജ്യത്തിന്റെ പൊതുനന്മയ്ക്കായി നിലകൊണ്ടിരുന്നു. മികച്ച ചിന്തകളും, പ്രോത്സാഹനങ്ങളും നല്‍കി പുതുതലമുറയെ കൈപിടിച്ച് ഉയർത്താൻ എപ്പോഴും അദ്ദേഹം പരിശ്രമിച്ചിരുന്നു. ധനികരുടെ പട്ടികയില്‍ ഒരിക്കലും നിങ്ങള്‍ക്ക് രത്തൻ ടാറ്റയെ കാണാൻ കഴിയില്ലായിരിക്കും, എന്നാല്‍ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ അദ്ദേഹത്തിനും
ടാറ്റയ്ക്കും എന്നും ഒരു സ്ഥാനം ഉണ്ടാവും.