രണ്ടാം ഘട്ടം പോളിംഗ് ആരംഭിച്ചു : അഞ്ച് ജില്ലകളില്‍ ജനം ഇന്ന് വിധിയെഴുതുന്നു

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തും.
രണ്ടാം ഘട്ടത്തിൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ മന്ത്രി എ.സി മൊയ്തീൻ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. വിവാദങ്ങൾ ബാധിക്കില്ലെന്നും വീട് മുടക്കുന്നവർക്ക് ജനം വോട്ട് നൽകില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചു
രാവിലെ ആറര മുതൽ തന്നെ വോട്ടർമാർ പല പോളിങ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്.
47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡറുകളും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

