ഡീസൽ ഓട്ടോകൾക്ക് വിലക്ക് : കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം ഡ്രൈവർമാർ ഹൈക്കോടതിയെ സമീപിക്കും

കാഞ്ഞങ്ങാട്: പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോകള്‍ ജനുവരി ഒന്ന് മുതല്‍ നിരത്തിലിറക്കാന്‍ പറ്റില്ലെന്ന ഉത്തരവ് പ്രാബല്യത്തിലാകാന്‍ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ പെരുവഴിയിലാവുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം പഴയ ഡീസല്‍ ഓട്ടോയുടെ ഡ്രൈവര്‍മാരാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി 1500 ഓളം പഴയ ഡീസല്‍ ഓട്ടോകള്‍ ഓടിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. പുതുവര്‍ഷം മുതല്‍ ഇവരെല്ലാം വീട്ടിലിരിക്കേണ്ടിവരും. 15 വര്‍ഷം കഴിഞ്ഞ മുഴുവന്‍ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ പാടില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനം തിരുത്തി പിന്നീട് ഡീസല്‍ ഓട്ടോയ്ക്ക് മാത്രമായി നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു.
ബസുകള്‍ക്കുള്ള പെര്‍മിറ്റ് 15 എന്നത് മാറ്റി 20 വര്‍ഷത്തേക്ക് നീട്ടി നല്‍കിയിട്ടുമുണ്ട്. തങ്ങള്‍ക്കും 20 വര്‍ഷത്തെ സര്‍വ്വീസ് കാലാവധി നീട്ടി നല്‍കണമെന്നാണ് ഓട്ടോ ഡ്രൈവര്‍മാരുടെ ആവശ്യം. പഴയ ഡീസല്‍ ഓട്ടോ ഡ്രൈവര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് കാഞ്ഞങ്ങാട്ട് രൂപം നല്‍കിയിട്ടുണ്ട്.

