അര്‍ജന്റീന സെമിയില്‍; ബ്രസീല്‍ പുറത്ത്

ദോഹ: ആവേശം പെനാല്‍ട്ടി ഷൂട്ടൗട്ടോളം എത്തിയ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ജയിച്ചുകയറിയപ്പോള്‍ (4-3) നെയ്മറുടെ ബ്രസീല്‍ തോറ്റുപുറത്തായി(4-2). ഗോളടിച്ചും അടിപ്പിച്ചും നായകന് ലയണല്‍ മെസ്സി നിറഞ്ഞാടിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ മറികടന്ന് അര്‍ജന്റീന ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനലിലെത്തി. മറ്റൊരു മത്സരത്തില്‍ നെയ്മറുടെ ഗോളിന് ബ്രസീലിനെ രക്ഷിക്കാനായില്ല. ക്രൊയേഷ്യയോടു തോറ്റ് ബ്രസീല്‍ ലോകകപ്പില്‍നിന്നു പുറത്തായി. ചൊവ്വാഴ്ച രാത്രി 12.30-ന് ആദ്യ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.
നിശ്ചിത സമയത്തും അധികസമയത്തും അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മത്സരം സമനിലയില്‍ (2-2) തുടര്‍ന്നു. അര്‍ജന്റീനയ്ക്കായി മോളിന (35), ലയണല്‍ മെസ്സി (73 പെനാല്‍ട്ടി) എന്നിവരാണ് ഹോളുകള്‍ നേടിയത്. നെതര്‍ലന്‍ഡ്സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകള്‍ നേടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിന്റെ ഒന്ന്, രണ്ട് ഷോട്ടുകള്‍ പാഴായി. അര്‍ജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവര്‍ ജയം ഉറപ്പിച്ചു. നിശ്ചിതസമയത്തും (00) അധികസമയത്തും (11) സമനിലയിലായപ്പോഴാണ് ക്രൊയേഷ്യ-ബ്രസീല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്.

