KSDLIVENEWS

Real news for everyone

അവസാന പെനാല്‍ട്ടി കിക്കെടുക്കാൻ കഴിയാതെ കണ്ണീര്‍ വാര്‍ത്ത് മടക്കം; കിരീടമില്ലാത്ത സുല്‍ത്താന്‍

SHARE THIS ON

ആദ്യം വിശേഷണങ്ങള്‍ മതിയാകാത്ത ഗോള്‍ കാലത്തിന് നല്‍കിയും പിന്നെ ഉള്ളില്‍ അലയടിച്ച സാഗരത്തെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞും നെയ്മര്‍ ഖത്തര്‍ ലോകകപ്പിന്റെ കളം വിടുന്നു. അടുത്തൊരു ലോകകപ്പില്‍ ബ്രസീലിന്റെ മഞ്ഞജേഴ്സിയില്‍ ഉണ്ടാകുമെന്നൊരുറപ്പ് ആരാധകര്‍ക്ക് നല്‍കാതെ. ലോകകപ്പ് ജയിക്കാന്‍ കഴിയാത്ത ബ്രസീലിന്റെ കളിയത്ഭുതങ്ങളുടെ പട്ടികയിലേക്കാണ് നെയ്മറിന്റേയും പോക്ക്. സീക്കോയും സോക്രട്ടീസും കക്കയും ജയിക്കാത്ത ലോകകപ്പ് നെയ്മറിനും മോഹിപ്പിക്കുന്ന സ്വപ്നമാകുന്നു.

2014-ല്‍ സ്വന്തം നാട്ടില്‍ കപ്പ് നേടുമെന്ന് ഉറച്ചുവിശ്വസിച്ച ബ്രസീല്‍ ടീമിന്റെ മുന്‍നിരപോരാളിയായിരുന്നു നെയ്മര്‍. എന്നാല്‍ ക്വാര്‍ട്ടറില്‍ കൊളംബിയിന്‍ താരം യുവാന്‍ സുനിഗയുടെ മാരകഫൗളില്‍ വീണുപോയത് നെയ്മര്‍ മാത്രമായിരുന്നില്ല. ബ്രസീലും കൂടിയായിരുന്നു. സൂപ്പര്‍ താരത്തിന്റെ പരിക്കില്‍ ഉലഞ്ഞ ബ്രസീല്‍ സെമിയില്‍ ജര്‍മനിയില്‍ നിന്ന് വന്‍തോല്‍വി ഏറ്റുവാങ്ങി.


2018-ല്‍ റഷ്യയിലേക്ക് വരുമ്പോള്‍ നെയ്മറും ബ്രസീലും ഫേവറിറ്റുകളിയിരുന്നു. മൈതാനത്ത് എതിരാളികളാള്‍ നിരന്തരം ഫൗള്‍ ചെയ്യപ്പെട്ട് നെയ്മര്‍ വീണു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് കീഴടങ്ങാനായിരുന്നു വിധി. ഖത്തറിലേക്ക് വരുമ്പോള്‍ അത് നെയ്മറും പരിശീലകന്‍ ടിറ്റെയും കിരീടം അത്ര ആഗ്രഹിച്ചിരുന്നു. ഇനിയൊരു ലോകകപ്പിനുള്ള ബാല്യമില്ലെന്ന് പലതവണ നെയ്മര്‍ സൂചിപ്പിച്ചിരുന്നു. ടിറ്റെയാകട്ടെ ഈ ലോകകപ്പോടെ ടീമിന്റെ പടിയിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


അവസാന പെനാല്‍ട്ടി കിക്ക് എടുക്കാന്‍ കഴിയാതെയാണ് നെയ്മറുടെ മടക്കം. അവസാന കിക്ക് വലയിലെത്തിച്ച് കൈകളുയര്‍ത്തി മൈതാനത്തെ വലംവെക്കുന്ന ഒരു നെയ്മര്‍ കാഴ്ച ആരാധകരും ആഗ്രഹിച്ചിരുന്നു. ഗോള്‍വേട്ടയില്‍ പെലെക്കൊപ്പമെത്തിയതിന്റെ മധുരം കൂടി അതിനുണ്ടാകുമായിരുന്നു. എന്നാല്‍ കണ്ണീര്‍ വാര്‍ക്കുന്ന നെയ്മറുടെ ചിത്രമാണ് കാലം കാത്തുവെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!