KSDLIVENEWS

Real news for everyone

ഹോട്ടൽ മേഖലയെ തകർക്കാൻ ആസൂത്രിത ശ്രമങ്ങളെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ്
അസോസിയേഷൻ

SHARE THIS ON

കാസർകോട് ∙ യഥാർഥ വസ്തുത മനസ്സിലാക്കാതെ ഹോട്ടൽ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണു പല ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവരുടെ ഭാഗത്തു നിന്ന് ഉൾപ്പെടെ ഹോട്ടൽ ഉടമകൾക്കു നീതി ലഭിക്കാത്ത അവസ്ഥയാണു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായത്. കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിനു സംഘടന പിന്തുണ നൽകുന്നു.

എന്നാൽ ഒരു കുറ്റവും ചെയ്യാത്തവരെ ഹോട്ടൽ മേഖലയിൽ നിന്നു തന്നെ എന്നന്നേക്കുമായി തുടച്ചുനീക്കുന്ന സംഭവങ്ങളാണ് കാസർകോട്ട് ഉണ്ടായതെന്ന് ജനറൽ സെക്രട്ടറി ആരോപിച്ചു.ഹോട്ടലുകൾക്കെതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസർകോട്ട് ഭക്ഷ്യ വിഷബാധ എന്ന പേരിൽ ഹോട്ടൽ അടിച്ചു തകർത്തവർക്കെതിരെ കേസെടുത്തിട്ടില്ല. അക്രമികൾക്കെതിരെ കേസെടുത്ത് നഷ്ടം അവരിൽ നിന്ന് ഈടാക്കാനുള്ള നടപടിയുമായി സംഘടന മുന്നോട്ടു പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


സംഭവത്തിൽ ശരിയായ അന്വേഷണം നടത്തി ദുരൂഹത പുറത്തു കൊണ്ടു വന്ന പൊലീസിനെ അഭിനന്ദിച്ചു. വായമൂടി കെട്ടിക്കൊണ്ട് ജില്ലയിലെ ഹോട്ടൽ വ്യാപാരികൾ പ്രതിഷേധിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി, വർക്കിങ് പ്രസിഡന്റ് ഷംസുദിൻ കാഞ്ഞങ്ങാട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സത്യനാഥൻ ബോവിക്കാനം, അജേഷ് നുള്ളിപ്പാടി, വസന്തകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!