മാർച്ച് അവസാനം ആശുപത്രി തുടങ്ങാൻ ശ്രമം : ടാറ്റ ട്രസ്റ്റ് ആശുപത്രിയിലെ തസ്തികകൾ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക്

പൊയിനാച്ചി : പൂട്ടലിന്റെ വക്കിലെത്തിയ തെക്കിൽ ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ തസ്തികകൾ കാഞ്ഞങ്ങാട്ട് തുടങ്ങാനിരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലികമായി പുനർവിന്യസിക്കുന്നു. മൂന്ന് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ആശുപത്രിയിൽ ലഭ്യമാക്കും. അതിനായി നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയരക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് നിയമസഭയിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യെ അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് നിലവിൽ 12 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. സൂപ്രണ്ടിനെ നിയമിക്കാൻ തിരുവനന്തപുരം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയരക്ടർ തസ്തിക താത്കാലികമായി പുനർവിന്യസിച്ച് ഉത്തരവായിട്ടുണ്ട്. മാർച്ച് അവസാനം ആശുപത്രി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യം.”
.. സംസ്ഥാന പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 9.41 കോടിയുടെ കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തിയായി. ജലസംഭരണി, പമ്പ് റൂം, വൈദ്യുതീകരണ പ്രവൃത്തികൾ, ജനറേറ്റർ റൂം, ട്രാൻസ് ഫോർമർ സ്ഥാപിക്കൽ, ലിഫ്റ്റ്, അഗ്നിസുരക്ഷാ പൈപ്പ് ലൈൻ, വൈദ്യുതി കണക്ഷൻ എന്നിവയും പൂർത്തിയായിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രം ലഭിക്കുന്നതിനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തി അംഗീകാരം ലഭ്യമായി. കെട്ടിട നമ്പറിന് കാഞ്ഞങ്ങാട് നഗരസഭയിൽ അപേക്ഷ സമർപ്പിച്ചു. കെ.എം.എസ്.സി.എൽ. മുഖേന ആശുപത്രി ഉപകരണങ്ങൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. ഫർണിച്ചർ, മൈനർ ഉപകരണങ്ങൾ എന്നിവ ഡി.എം.ഒ. മുഖേന വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എൻ.എച്ച്.എം.ആർ.ഒ.പി. 2021-22-ൽ അനുവദിച്ച 2.85 കോടിയുടെ സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സംവിധാനം, മോഡുലർ ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവൃത്തി ഈ മാസം പൂർത്തിയാകും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നവീകരണം മാർച്ച് ഒടുവിൽ പൂർത്തിയാകും -മന്ത്രി അറിയിച്ചു

