കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം, 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും; പ്രതിഷേധം അവസാനിപ്പിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ (45) കുടുംബത്തിന് സഹായം നൽകുമെന്ന് ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി. സോഫിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇന്നു തന്നെ ധനസഹായം നൽകുമെന്ന് കലക്ടർ ഉറപ്പു നൽകി. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കലക്ടർ അറിയിച്ചു. കാട്ടാനയുടെ ഭീഷണിയിൽ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഉറപ്പുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവ സ്ഥലത്തു നിന്നു മാറ്റി.
തിങ്കളാഴ്ച വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്തുനിന്നു കൊമ്പൻപാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള അരുവിയിൽ കുളിക്കാനായി പോകുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്നു വീട്ടിലുണ്ടായിരുന്ന മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പൻപാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്.
സംഭവശേഷം ഏറെനേരം മൃതദേഹത്തിനു സമീപം ആന നിലയുറപ്പിച്ചു. പിന്നീട് ആന പോയെങ്കിലും ജില്ലാ കലക്ടർ എത്തിയതിനു ശേഷമേ മൃതദേഹം മാറ്റൂ എന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

