KSDLIVENEWS

Real news for everyone

ഇവിടം പുൽമേടായിരുന്നു: റാണിപുരത്ത് തീപിടിത്തത്തിൽ നശിച്ചത് 10 ഹെക്ടറോളം പുൽമേട്

SHARE THIS ON

രാജപുരം: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ മാനിമലയിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് 10 ഹെക്ടറോളം വരുന്ന പുൽമേട്. സംഭവത്തിൽ വനം വകുപ്പ് അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപമുണ്ട്. റാണിപുരത്തിന്റെ സൗന്ദര്യമായിരുന്ന പച്ചപ്പ് കത്തിയമർന്നതോടെ മലമുകളിലേക്കുള്ള ട്രെക്കിങ് വെള്ളിയാഴ്ച വരെ നിർത്തിവച്ചു. എന്നാൽ സഞ്ചാരികളെത്തിയാൽ തീപിടിത്തത്തിന്റെ വ്യാപ്തി മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നതിനാലാണു പ്രവേശനം നൽകാത്തതെന്നും ആരോപണമുണ്ട്. 

ശനിയാഴ്ച ഉച്ചയോടെയാണു റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ മാനിമലയിലെ പുൽമേടിനു തീപിടിച്ചത്. തുടർന്നു വനസംരക്ഷണ സമിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ രാത്രി 12 മണിയോടെയാണു തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. പുൽമേട് നായാട്ടുസംഘം കത്തിച്ചതാണെന്നും സഞ്ചാരികൾ കത്തിച്ചു വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നാകാം തീപിടിച്ചതെന്നുമുള്ള സംശയങ്ങളാണ് അധികൃതർക്കുള്ളത്. 

തീപിടുത്തവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഡിഎഫ്ഒ കെ.അഷറഫ് റാണിപുരത്തു വനംവകുപ്പ് ജീവനക്കാർ, വന സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവരുടെ യോഗം വിളിച്ചിരുന്നു. സഞ്ചാരികളെ വനമേഖലയിലേക്കു കടത്തി വിടുന്നതിന് മുൻപ് അതിരാവിലെ ചുമതലയുള്ള വാച്ചർമാർ മാനിമലയിലെത്തി കാട്ടാനശല്യമടക്കമുള്ള പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുകയും തീ പടരാൻ സാധ്യതയുള്ള സിഗരറ്റ് പോലുള്ളവയുടെ ഉപയോഗം തടയാനും പുൽമേട്ടിൽ തന്നെ ഉണ്ടാകാറുണ്ട്. എന്നാൽ നിലവിൽ ഇത്തരം പരിശോധനകൾ കൃത്യമായി നടക്കാറില്ലെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!