KSDLIVENEWS

Real news for everyone

ഒരു കോഴി വിറ്റുപോയത് 3640 രൂപയ്ക്ക്; കോളടിച്ചത് സർക്കാരിന്, ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ

SHARE THIS ON

“മഞ്ചേശ്വരം (കാസർകോട്) ∙ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (2) മുറ്റത്ത് ഇന്നലെ നിരന്നു നിന്നത് ഒന്നും രണ്ടുമല്ല, 17 പോരുകോഴികളാണ്. കോഴിപ്പോര് കേസുകൾ‍ ഇടയ്ക്കുണ്ടാകുന്നതാണെങ്കിലും ഇത്രയേറെ ‘പോരാളികൾ’ ഒന്നിച്ച് കോടതിവളപ്പിലെത്തിയപ്പോൾ മറ്റു കേസുകളുമായി ബന്ധപ്പെട്ട് എത്തിയവർക്കും കൗതുകം. എല്ലാവരെയും നിരത്തി നിർത്തിയതു പോരിനായല്ല, ലേലം വിളിക്കാനായിരുന്നു.  കർണാടകയോടു ചേർന്നുള്ള ജില്ലയുടെ അതിർത്തി പ്രദേശമായ മൂഡംബയൽ പടത്തൂർ പാടങ്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലിലെ പൊതുസ്ഥലത്ത് കോഴിപ്പോരു കേന്ദ്രത്തിൽ നിന്നാണു കഴിഞ്ഞദിവസം പോരുകോഴികളെ ‘തൊണ്ടിമുതലാ’യി പിടിച്ചെടുത്തത്. മഞ്ചേശ്വരം എസ്ഐ: എ.അൻസാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു പരിശോധന. പോർക്കളത്തിൽ നിന്നു 17 പൂവൻ കോഴികളെയും 20,550 രൂപയും പിടിച്ചെടുക്കുകയും 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുവഴി സർക്കാർ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ രൂപയാണ്.  പണം പന്തയം വച്ച് കോഴിക്കെട്ട് ചൂതാട്ടം നടത്തുന്നവരാണു അറസ്റ്റിലായവർ. കോഴികളോടു ക്രൂരത കാട്ടിയെന്നതും ചൂതാട്ടവുമാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കോഴികളെ ലേലത്തിൽ വിറ്റ വകയിൽ ലഭിച്ചത്  31,930 രൂപയാണ്. പോരിൽ സമർഥനായ ഒരു കോഴി വിറ്റു പോയത് 3640 രൂപയ്ക്ക്. 2,500 മുതൽ 2,800 വരെയുള്ള വിലയിൽ 7 കോഴികൾ വിറ്റു. 750 രൂപയാണ് ഒരു കോഴിക്ക് ലേലത്തിൽ ലഭിച്ച കുറഞ്ഞ വില”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!