പുറത്തുവിട്ട ബിന്ദു പുറത്ത്; അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി

തിരുവനന്തപുരം∙ വോട്ടിനു പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭാ സുരേന്ദ്രന്‍റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ നടപടിയെടുത്ത് ബിജെപി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണു വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. ശോഭയുടെ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണു ബിന്ദു പൊലീസിൽ പരാതി നൽകിയത്.
നിശ്ശബ്ദ പ്രചാരണദിനമായ 8നു കണ്ണാടി തരുവക്കുറിശിയിൽ ബിജെപി വോട്ടർക്ക് 5,000 രൂപ നൽകിയെന്നു കോൺഗ്രസ് പരാതി നൽകിയിരുന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തി. വിവാദം ബിജെപിക്കു തിരിച്ചടിയായി. ഈ വിവാദത്തിൽ ബിന്ദുവിനു പങ്കുണ്ടെന്നാണു ശോഭ ആരോപിക്കുന്നത്.
നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്നു ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഫോൺ സന്ദേശത്തിൽ പറയുന്നത്. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്. ശോഭാ സുരേന്ദ്രനെതിരെ കോൾ റെക്കോർഡ് അടക്കമാണു പൊലീസിൽ പരാതി നൽകിയത്. ഇന്നലെയാണു ശോഭ വിളിച്ചതെന്ന് ബിന്ദു പറഞ്ഞു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഓൺലൈനായി പരാതി നൽകിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽനിന്ന് മത്സരിച്ചിരുന്നു. അന്നു മുതൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാർട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിനു പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനമെന്നാണ് സൂചന.

