ലക്നൗവിനെ എറിഞ്ഞു വീഴ്ത്തി; പ്ലേഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

പുണെ ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടം ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്. പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മറ്റൊരു നവാഗതരായ ലക്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിനു തോൽപ്പിച്ചാണ് പാണ്ഡ്യയും സംഘവും പ്ലേഓഫ് ഉറപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. ലക്നൗവിന്റെ മറുപടി 13.5 ഓവറിൽ 82 റൺസിൽ അവസാനിച്ചു.
ഈ വിജയത്തോടെ 12 കളികളിൽനിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചാണു ഗുജറാത്ത് പ്ലേഓഫ് ഉറപ്പാക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി തുടർന്നുവന്ന പരാജയങ്ങൾക്കും ഗുജറാത്ത് ഇതോടെ അറുതിവരുത്തി. ഈ സീസണിലെ ആദ്യ മുഖാമുഖത്തിലും ലക്നൗവിനെ തോൽപ്പിച്ച ഗുജറാത്തിന്, ലക്നൗവിനെതിരെ ഇതോടെ അജയ്യപരിവേഷവുമായി. മാത്രമല്ല, ഐപിഎൽ അരങ്ങേറ്റത്തിൽത്തന്നെ പ്ലേഓഫിലെത്തിയെന്ന നേട്ടവും സ്വന്തം.
ഗുജറാത്തിന്റെ തകർപ്പൻ ബോളിങ് പ്രകടനത്തിനു മുന്നിൽ ലക്നൗ നിരയിൽ ചെറുത്തു നിൽക്കാനായതു ദീപക് ഹൂഡയ്ക്കു മാത്രമാണ്; 26 പന്തിൽ മൂന്നു ഫോറുകൾ സഹിതം 27 റൺസ്. ഹൂഡയ്ക്കു പുറമേ ലക്നൗ നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ ക്വിന്റൺ ഡികോക്കും പതിനൊന്നാമനായി എത്തിയ ആവേശ് ഖാനും മാത്രം. 10 പന്തിൽ ഒരു സിക്സ് സഹിതം 11 റൺസാണ് ഡികോക്കിന്റെ സമ്പാദ്യം. നാലു പന്തിൽ 12 റൺസാണ് ആവേശ് ഖാൻ നേടിയത്.
ക്യാപ്റ്റൻ കെ.എൽ.രാഹുൽ (16 പന്തിൽ 8), കരൺ ശർമ (4 പന്തിൽ 4), ക്രുണാൽ പാണ്ഡ്യ (5 പന്തിൽ 5), ആയുഷ് ബദോനി (11 പന്തിൽ 8), മാർക്കസ് സ്റ്റോയ്നിസ് (2 പന്തിൽ 2), ജെയ്സൻ ഹോൾഡർ (2 പന്തിൽ 1), മൊഹ്സിൻ ഖാൻ (3 പന്തിൽ 1) എന്നിവർ ആരാധകരെ നിരാശപ്പെടുത്തി.
3.5 ഓവറിൽ 24 റൺസു വഴങ്ങി നാലു വിക്കറ്റെടുത്ത റാഷിദ് ഖാനാണ് ലക്നൗവിനെ രണ്ടക്കം കടക്കാതെ പിടിച്ചുകെട്ടുന്നതിൽ പ്രധാന പങ്കുവഹിച്ചത്. രണ്ട് ഓവറിൽ ഏഴു റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനവും ശ്രദ്ധേയമായി. രണ്ട് ഓവറിൽ 24 റൺസ് വഴങ്ങിയ യഷ് ദയാൽ രണ്ടും, മൂന്ന് ഓവറിൽ അഞ്ചു റൺസ് വഴങ്ങിയ മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
ഗുജറാത്ത് നിരയിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചവരിൽ ഓപ്പണർ വൃദ്ധിമാൻ സാഹ ഒഴികെയുള്ള ബാറ്റർമാരെല്ലാം രണ്ടക്കത്തിലെത്തി. മാത്യു വെയ്ഡ് (7 പന്തിൽ 10), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 11), ഡേവിഡ് മില്ലർ (24 പന്തിൽ 26), രാഹുൽ തെവാത്തിയ (16 പന്തിൽ പുറത്താകാതെ 22) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഓപ്പണറായി എത്തിയ സാഹ 11 പന്തിൽ അഞ്ച് റൺസുമായി നിരാശപ്പെടുത്തി.
ലക്നൗ താരങ്ങളുടെ തകർപ്പൻ ബോളിങ് പ്രകടനമാണ് ഗുജറാത്തിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. ആവേശ് ഖാൻ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മൊഹ്സിൻ ഖാന്റെ പ്രകടനവും ശ്രദ്ധേയമായി. ജെയ്സൻ ഹോൾഡർ നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.
∙ ഗുജറാത്തിന് ടോസ്, ബാറ്റിങ്
നേരത്തേ, ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ താരങ്ങൾ ഐപിഎൽ അരങ്ങേറ്റം കുറിച്ചു. ലക്നൗവിനായി കരൺ ശർമയും ഗുജറാത്തിനായി സായ് കിഷോറുമാണ് അരങ്ങേറിയത്. ഐപിഎലിലെ നവാഗതരെങ്കിലും തകർപ്പൻ പ്രകടനവുമായി പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഗുജറാത്തും ലക്നൗവും. 11 മത്സരങ്ങളിൽനിന്ന് എട്ടു വീതം ജയങ്ങളോടെ ഇരു ടീമുകൾക്കും 16 പോയിന്റ് വീതമുണ്ടെങ്കിലും റൺറേറ്റിന്റെ മികവിൽ ലക്നൗവാണ് ഒന്നാം സ്ഥാനത്ത്. ഈ സീസണിൽ ഇരു ടീമുകളും ഇതുവരെ തോറ്റത് മൂന്നു മത്സരങ്ങളിൽ മാത്രം.
∙ ടീമുകൾ
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മാത്യു വെയ്ഡ്, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, യഷ് ദയാൽ, അൽസാരി ജോസഫ്, സായ് കിഷോർ, മുഹമ്മദ് ഷമി.
ലക്നൗ സൂപ്പർ ജയന്റ്സ്: ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ദീപക് ഹൂഡ, മാർക്കസ് സ്റ്റോയ്നിസ്, ക്രുണാൽ പാണ്ഡ്യ, ആയുഷ് ബദോനി, ജെയ്സൻ ഹോൾഡർ, ദുഷ്മന്ത ചമീര, കരൺ ശർമ, ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ.

