KSDLIVENEWS

Real news for everyone

ഗൂഗിള്‍ വാലറ്റില്‍ ഇനി കൊച്ചി മെട്രോ ടിക്കറ്റും; രാജ്യത്ത് ആദ്യം

SHARE THIS ON

കൊച്ചി: ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം.

രാജ്യത്ത് ഗൂഗിള്‍ വാലറ്റില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ട മെട്രോ സര്‍വീസാണിത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്‌നോളജീസാണ് സാങ്കേതിക പിന്തുണയും സഹായങ്ങളും നല്‍കുന്നത്.

ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, സിനിമാ ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള ആപ്ലിക്കേഷനാണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്ക് ഇനി ഗൂഗിള്‍ വാലറ്റും ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്. ഡിവൈസില്‍ നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും ഉണ്ടായിരിക്കണം.

കൊച്ചി ഡ്രീംസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹറ, ഗൂഗിള്‍ പ്രതിനിധി ആശിശ് മിത്തല്‍, പ്രൂഡന്റ് ടെക്‌നോളജീസ് ഡയറക്ടര്‍ ജീജോ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

നഗര ഗതാഗത രംഗത്തെ ഡിജിറ്റല്‍ ചുവടുവയ്‌പ്പുകളില്‍ നിര്‍ണായക നാഴികക്കല്ലാണ് ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കിയതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ശ്രീ. ലോക്‌നാഥ് ബെഹറ പറഞ്ഞു. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മെട്രോ ടിക്കറ്റ് സൗകര്യപ്രദമായ രൂപത്തില്‍ മെട്രോയിലുടനീളം ഉപയോഗിക്കാവുന്ന തരത്തില്‍ യാത്രക്കാരുടെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!