KSDLIVENEWS

Real news for everyone

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം: റാഞ്ചിയില്‍ സംഘര്‍ഷം, വെടിവെപ്പ്, രണ്ട് മരണം

SHARE THIS ON



റാഞ്ചി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി. നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വന്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും വെടിവെയ്പ്പിലുമായി രണ്ട് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രണ്ടുപേരാണ് മരിച്ചതെന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ അറിയിച്ചു. പത്ത് പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


പുറത്താക്കിയ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രസ്താവനക്കെതിരെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലിയിലും പ്രതിഷേധപ്രകടനങ്ങളിലും പലയിടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് കത്തിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാര്‍ തിരിച്ചും വെടിവെച്ചതായാണ് പോലീസ് വാദം.

പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് റാഞ്ചിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!