കോട്ടയത്ത് കോട്ട കെട്ടി പൊലീസ്; കറുത്ത മാസ്‌കിന് വിലക്ക്: കരിങ്കൊടി കാട്ടി ബിജെപി

കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുൻപേ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ബസേലിയോസ് കോളജ് ജംക്‌ഷൻ, കലക്ടറേറ്റ് ജംക്‌ഷൻ, ചന്തക്കവല, ഈരയിൽക്കടവ് തുടങ്ങി കെകെ റോഡിലെ എല്ലാ പ്രധാന കവലകളും പൊലീസ് അടച്ചിട്ടു. കറുത്ത മാസ്‌ക് മാറ്റാന്‍ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
വാഹനങ്ങൾ കെ.കെ റോഡിൽ ജനറൽ ആശുപത്രിക്കു മുന്നിലും തടഞ്ഞു. ഇതിനെത്തുടർന്ന് യാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതു വരെ വാഹനങ്ങളെ പോകാൻ അനുവദിച്ചില്ല. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ രണ്ടു ബിജെപി പ്രവർത്തകരെ അറസ്റ്റു ചെയ്തു.

