KSDLIVENEWS

Real news for everyone

മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു; മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞ് വീണ് സ്വപ്‌ന

SHARE THIS ON

പാലക്കാട്: പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്‌ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മുഴുവന്‍ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നല്‍കിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ബാക്കി കാര്യം ചെയ്യാം.


ഷാജ് കിരണ്‍ എന്ന വ്യക്തിയുമായി സൗഹൃദം മാത്രമായിരുന്നു. ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയില്‍ പറഞ്ഞത് പോലെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരേയും കേസെടുത്തു. കേസെടുക്കും എന്ന് പറഞ്ഞിരുന്നുവെന്നും അത് സംഭവിച്ചുവെന്നും അവര്‍ പറഞ്ഞു. എനിക്ക് അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയുണ്ട്. ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയില്ലേ എന്ത് തരം ആക്രമണമാണ് താന്‍ നേരിടുന്നതെന്നും സ്വപ്ന ചോദിച്ചു.

എഡിറ്റ് ചെയ്ത് ആണ് ഓഡിയോ പുറത്ത് വിട്ടത് എന്ന് പറയുന്നവര്‍ക്ക് ഇന്നത്തെ അഭിഭാഷകനെതിരായ കേസോടെ കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടാകും. ഷാജ് കിരണ്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് താനും ചെയ്തത്. എന്നിട്ട് അയാള്‍ക്കെതിരെ കേസെടുത്തില്ല. കെ.ടി. ജലീല്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ഷാജ് പറഞ്ഞ കാര്യങ്ങളും മാനനഷ്ടക്കേസിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. എന്നിട്ടും തന്നെ മാത്രം ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് വേട്ടയാടുകയാണെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

ഷാജ് കിരണ്‍ വോയിസ് ക്ലിപ്പില്‍ പറഞ്ഞത്‌പോലയുള്ള കാര്യങ്ങളെല്ലാം നടന്നു. ഇതില്‍ ഒരു കാര്യം പോലും തെറ്റായിട്ടില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ല എന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും. സരിത്തിനെതിരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ഷാജ് പറഞ്ഞതെല്ലാം സത്യമായി. തൊട്ടടുത്ത ദിവസം തന്നെ കാണാന്‍ വന്ന ഷാജ് താന്‍ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും വിവരിച്ചുവെന്നും സ്വപ്‌ന പറയുന്നു.

എന്തിനാണ് തന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വേട്ടയാടണമെങ്കില്‍ ഇനിയും വേട്ടയാടിക്കോളു, പക്ഷേ ഒപ്പമുള്ളവരേ വെറുതേ വിടണം. മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാല്‍ ഇത് മുഴുവന്‍ അവസാനിക്കുമെന്നും സ്വപ്‌ന പറയുന്നു. തന്റെ കണ്ണുനീര്‍ ഒരു ഭീരുവിന്റേത് അല്ലെന്നും ഒരുപാട് അനുഭവിക്കുന്ന ഒരു സ്ത്രീയുടെയാണെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ സ്വപ്ന കുഴഞ്ഞുവീഴുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!