KSDLIVENEWS

Real news for everyone

മൂന്നാമൂഴത്തിലും പഴയ മുഖങ്ങൾ; അദ്ഭുതങ്ങളില്ലാതെ മോദി സർക്കാർ, കേരളത്തെ കാത്തിരിക്കുന്നതെന്ത്?

SHARE THIS ON

ന്യൂഡൽഹി: സുപ്രധാന വകുപ്പുകളിൽ തലകൾ ഉരുളാതെ മൂന്നാം മോദി സർക്കാരിന്റെ വകുപ്പ് വിഭജനം. കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മന്ത്രിസഭയിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ പരിചയ സമ്പന്നർക്ക് ഇടം നൽകാൻ ബിജെപി പ്രത്യേകം ശ്രദ്ധിച്ചു. മാറ്റം പ്രതീക്ഷിച്ച ധനമന്ത്രാലയത്തിലും അദ്ഭുതമൊന്നും നടന്നില്ല. പണപ്പെട്ടിയുടെ താക്കോൽ നിർമലയെ തന്നെ ഏൽപ്പിക്കാൻ മോദി വീണ്ടും ധൈര്യം കാട്ടി. തുടർച്ചയായ മൂന്നാം തവണയും ഉപരിതല ഗതാഗത വകുപ്പ് നിതിൻ ഗഡ്കരിയെ തേടിയെത്തി.  സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം സഖ്യകക്ഷി സർക്കാരിൽ മോദിക്ക് പിന്തുണയുമായി ബിജെപിയിലെ കരുത്തരുടെ നിര തന്നെ സുപ്രധാന വകുപ്പുകളിലുണ്ട് എന്നതാണ് ശ്രദ്ധേയം. സുപ്രധാന വകുപ്പുകളെല്ലാം കൈവശം വയ്ക്കാനായത് ബിജെപിയെ സംബന്ധിച്ച് ആശ്വാസമാണ്. മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും ആയിരുന്നു സഖ്യകക്ഷി സർക്കാരിലെ ഒന്നാമത്തെ വെല്ലുവിളി. വലിയ ബഹളങ്ങളില്ലാതെ ഇതു രണ്ടും പൂർത്തിയാക്കിയതോടെ വെല്ലുവിളി അതിജീവിച്ചതിന്റെ ആശ്വാസം ബിജെപി ക്യാംപിലുണ്ട്.  ആഭ്യന്തരമന്ത്രിയായി അമിത് ഷാ വീണ്ടുമെത്തുന്ന മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി കസേരയില്‍ രാജ്‌നാഥ് സിങ് തുടരും. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അമരക്കാരനായ എസ്.ജയശങ്കറിനെയും മോദി മാറ്റിയില്ല. വാണിജ്യ മന്ത്രാലയത്തില്‍ പിയൂഷ് ഗോയലിനെയും വിദ്യഭ്യാസ മന്ത്രാലയത്തില്‍ ധര്‍മേന്ദ്ര പ്രധാനെയും നിലനിര്‍ത്തി. അശ്വിനി വൈഷ്ണവിനു പ്രമോഷന്‍ നല്‍കിയാണ് റെയില്‍‌വേക്കൊപ്പം വാര്‍ത്താവിതരണം, ഐടി വകുപ്പുകൾ കൂടി ഏൽപ്പിച്ചത്. കേന്ദ്രമന്ത്രിസഭയിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് മുന്‍പ് കൈകാര്യം ചെയ്ത ആരോഗ്യ മന്ത്രാലയം നല്‍കി. ശിവരാജ് സിങ് ചൗഹാന് കൃഷി മന്ത്രാലയമാണു കൊടുത്തത്. ജെഡിഎസിലെ എച്ച്.ഡി.കുമാരസ്വാമിക്ക് കൃഷി വകുപ്പിനോട് താൽപര്യമുണ്ടായിരുന്നെങ്കിലും നൽകാൻ ബിജെപി തയാറായില്ല. കുമാരസ്വാമിക്ക് ഉരുക്കും ഖനി വ്യവസായ മന്ത്രാലയവുമാണ് നല്‍കിയത്. കർഷക സമരങ്ങളടക്കം വീണ്ടും തലപൊക്കുമ്പോൾ ശിവരാജ് സിങ്ങിന്റെ വൈഭവം ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.  സ്പീക്കര്‍ പദവി ചോദിച്ച ഘടകകക്ഷിയായ ടിഡിപിക്ക് വ്യോമയാന മന്ത്രാലയം നല്‍കി. ടിഡിപി അംഗം റാം മോഹന്‍ നായിഡുവാണ് മന്ത്രി. ലോക് ജനശക്തി പാര്‍ട്ടിയിൽനിന്ന് മന്ത്രി പദവിയിൽ വീണ്ടുമെത്തിയ ചിരാഗ് പാസ്വാന് സ്ഥിരം നല്‍കുന്ന ഭക്ഷ്യ സംസ്കരണ വകുപ്പാണ്  ഇക്കുറിയും. ജെഡിയുവിന്‍റെ ലലന്‍ സിങ്ങിനു പഞ്ചായത്തീരാജിന്‍റെ ചുമതല നല്‍കി.  ടൂറിസം, പെട്രോളിയം, പ്രകൃതി വാതകം മന്ത്രാലയങ്ങളില്‍ സുരേഷ് ഗോപി സഹമന്ത്രിയാകും. നേരത്തേ ടൂറിസം മന്ത്രിയായിരിക്കെ മലയാളിയായ അൽഫോൺസ് കണ്ണന്താനം സംസ്ഥാന സർക്കാരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നു. കേരളത്തിലെ ടൂറിസം വകുപ്പുമായി സുരേഷ് ഗോപി അത്തരത്തിലൊരു ബന്ധം വയ്ക്കുമോയെന്ന് കണ്ടറിയണം. ന്യൂനപക്ഷ ക്ഷേമത്തിനു പുറമെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വികസനം തുടങ്ങിയ വകുപ്പുകളാണ് ജോർജ് കുര്യനു ലഭിച്ചത്. നാലു വകുപ്പുകൾക്കും കേരളവുമായി വലിയ ബന്ധമുള്ളതാണെന്നതു ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!