KSDLIVENEWS

Real news for everyone

‘മണിപ്പൂര്‍ കത്തുന്നു; ഒരു വര്‍ഷമായി സമാധാനത്തിനു വേണ്ടി കേഴുകയാണ്; രൂക്ഷവിമര്‍ശനവുമായി മോഹന്‍ ഭാഗവത്

SHARE THIS ON

നാഗ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയെ കുറിച്ച് സൂചിപ്പിച്ച അദ്ദേഹം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഹങ്കാരവും അഹന്തയുമില്ലാതെ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജനങ്ങളെ സേവിക്കുന്നവരാണ് യഥാര്‍ഥ സ്വയം സേവകരെന്ന് ഭാഗവത് പറഞ്ഞു.

മര്യാദയും മാന്യതയും കൈവിട്ടാണ് എല്ലാ വിഭാഗവും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാഗ്പൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയായ കാര്യകര്‍ത്ത വികാസ് വര്‍ഗിന്റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. പ്രസംഗത്തില്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മോദി സര്‍ക്കാരിനെ വീഴ്ചയില്‍ ആഞ്ഞടിച്ചു അദ്ദേഹം. മണിപ്പൂര്‍ ജനത ഒരു വര്‍ഷമായി സമാധാനത്തിനു വേണ്ടി കേഴുകയാണ്. സാമൂഹികസ്പര്‍ധ എവിടെയാണെങ്കിലും നല്ലതിനല്ല. കഴിഞ്ഞൊരു പതിറ്റാണ്ടുകാലം മണിപ്പൂര്‍ സമാധാനപൂര്‍ണമായാണു കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ടത്തെ തോക്ക് സംസ്‌കാരമെല്ലാം അസ്തമിച്ചെന്നാണു കരുതിയിരുന്നത്. എന്നാല്‍, പെട്ടെന്നൊരു ദിവസം വീണ്ടുമതു തലപൊക്കിയിരിക്കുന്നു. മണിപ്പൂര്‍ ഇപ്പോഴും കത്തുകയാണ്. ആര്‍ക്കാണ് അതില്‍ ശ്രദ്ധ കൊടുക്കാന്‍ നേരം? എത്രയും വേഗം സംഘര്‍ഷം പരിഹരിക്കണം. മണിപ്പൂരിലെ വിഷയങ്ങള്‍ക്കു പ്രാമുഖ്യം നല്‍കണം.

തെരഞ്ഞെടുപ്പ് വാചാടോപങ്ങളെല്ലാം നിര്‍ത്തി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലേക്കു ശ്രദ്ധ തിരിക്കണമെന്നും മോദി സര്‍ക്കാരിനെതിരെ പരോക്ഷമായ ആക്ഷേപസ്വരത്തില്‍ ഭാഗവത് ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ ജനാധിപത്യത്തെ കുറിച്ചും രാഷ്ട്രീയ മാന്യതയെ കുറിച്ചും പരസ്പര ബഹുമാനത്തെ കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുന്നുണ്ട് മോഹന്‍ ഭാഗവത്. ”പൊതുസമ്മതി ഉണ്ടാക്കാനുള്ള ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. പാര്‍ലമെന്റിനു രണ്ടു സഭകളുണ്ട്. അതുകൊണ്ട് ഏതു വിഷയത്തിന്റെയും രണ്ടു വശങ്ങളും പരിഗണിക്കപ്പെടണം. ഏതു പ്രശ്‌നത്തിനും രണ്ടു വശമുണ്ടാകും. ഒരു കക്ഷി ഒരു ഭാഗം കൈകാര്യം ചെയ്താല്‍ പ്രതിപക്ഷം മറുവശം പരിഗണിക്കണം. അങ്ങനെയാണ് യഥാര്‍ഥ തീരുമാനത്തിലെത്തുക.

പ്രതിപക്ഷം ശത്രുപക്ഷമല്ല.”-അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഓരോ തെരഞ്ഞെടുപ്പിലും പൊതുജനാഭിപ്രായം ശുദ്ധീകരിക്കാനാണ് സംഘ്പരിവാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തവണയും അതു ചെയ്തിട്ടുണ്ട്. എന്നാല്‍, അവസാനം എന്നു സംഭവിച്ചുവെന്നു വിശകലനം ചെയ്ത് അതില്‍ കുടുങ്ങിക്കിടക്കുന്നില്ല നമ്മള്‍. വിവിധ വിഷയങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ആളുകളെ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന അഭിപ്രായ സമന്വയത്തിന്റേതാണു നമ്മുടെ പാരമ്പര്യം. ഇതു മത്സരമാണ്; യുദ്ധമല്ലെന്ന് ഓര്‍മ വേണം.” പ്രചാരണഘട്ടത്തില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളെ പരോക്ഷമായി സൂചിപ്പിച്ചും ഭാഗവത് വിമര്‍ശനം തുടരുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മര്യാദയും സഭ്യതയും പാലിക്കപ്പെട്ടില്ല. ഇരു വിഭാഗവും വ്യക്തിയധിക്ഷേപത്തിലേക്കും ആക്രമണത്തിലേക്കും നീങ്ങി. സാമൂഹിക ധ്രുവീകരണത്തിനും മാനസികവും സാമൂഹികവുമായ അകല്‍ച്ചയ്ക്കും ഇടയാക്കുന്ന പ്രചാരണതന്ത്രങ്ങളുടെ ആഘാതത്തെ പൂര്‍ണമായി അവഗണിച്ചു. ഒരു കാര്യവുമില്ലാതെ ആര്‍.എസ്.എസ് പോലെയുള്ള സംഘടനകളെ വലിച്ചിഴച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് കള്ളങ്ങള്‍ പ്രചരിപ്പിച്ചു. ഇങ്ങനെയാണോ വിവര സാങ്കേതിക വിദ്യാകളെ ഉപയോഗിക്കേണ്ടത്? എത്രകാലം രാജ്യം ഇങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. മറ്റുള്ളവരെ പിന്നിലാക്കി മുന്നേറാനുള്ള പോരാട്ടത്തിനിടയിലും മര്യാദ പാലിക്കണം. കള്ളങ്ങള്‍ പറഞ്ഞു പ്രചാരണം പാടില്ല. യഥാര്‍ഥ സ്വയം സേവകന്‍ പ്രവര്‍ത്തനരംഗത്ത് മര്യാദ പാലിക്കും. മര്യാദ പുലര്‍ത്തുന്നവര്‍ അവരുടെ ജോലി നിര്‍വഹിക്കും. ഒന്നും അവരെ ബാധിക്കില്ല. ഇതു താനാണു ചെയ്തതെന്ന അഹന്ത ഉണ്ടാകില്ല. അങ്ങനെയുള്ളവരെ മാത്രമേ സേവകനെന്നു വിളിക്കാന്‍ പറ്റൂവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!